ഒരേ സമയം രണ്ട് കപ്പലുകള്‍, അടുത്തയാഴ്ച നിരവധി കപ്പലുകളെത്തും; വിഴിഞ്ഞത്തിന്റെ കുതിപ്പ് പ്രതീക്ഷകള്‍ക്കുമപ്പുറം

Sunday 22 September 2024 10:51 PM IST

തിരുവനന്തപുരം: കമ്മീഷനിംഗിന് മുമ്പുള്ള ട്രയല്‍ റണ്ണില്‍ തന്നെ വമ്പന്‍ കുതിപ്പ് നടത്തുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ട്രയല്‍ റണ്‍ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് ഒരേ സമയം രണ്ട് കണ്ടെയ്‌നര്‍ ഷിപ്പുകള്‍ എത്തിയത് കൗതുകകരമായി. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുൂടെ തവിഷി ബെര്‍ത്തില്‍ തുടരുന്നതിനിടെ എംഎസ്‌സിയുടെ മറ്റൊരു കണ്ടെയ്‌നര്‍ ഷിപ്പായ ഐറ ശനിയാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം തീരത്ത് ബെര്‍ത്ത് ചെയ്തു.

ഒക്ടോബറില്‍ കമ്മീഷനിംഗ് നടത്താന്‍ ആലോചിക്കുന്ന വിഴിഞ്ഞത്ത് അടുത്തയാഴ്ചകളില്‍ കൂടുതല്‍ കപ്പലുകള്‍ തുടര്‍ച്ചയായി എത്തുമെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളില്‍ ഒന്നായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി വിഴിഞ്ഞത്തേക്ക് അയക്കാന്‍ കൂടുതല്‍ കപ്പലുകള്‍ സജ്ജമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഴവുകളില്ലാത്ത രീതിയില്‍ ചരക്ക് നീക്കം നടത്താന്‍ കഴിയുന്നത് വിഴിഞ്ഞത്തേക്ക് കൂടുതലായി കപ്പലുകളെ അയക്കാന്‍ എംഎസ്‌സിയെ പ്രേരിപ്പിക്കുന്നുണ്ട്.

ഇതുവരെ അടുത്തതില്‍ നീളം കൂടിയ കണ്ടെയ്‌നര്‍ ഭീമന്‍ എംഎസ്സി അന്ന അടുത്ത ആഴ്ച ഇവിടെ എത്തുകയാണ്. 399.9 മീറ്റര്‍ നീളവും 58.6 മീറ്റര്‍ വീതിയുമാണ് എംഎസ്സി അന്നയ്ക്കുള്ളത്. കഴിഞ്ഞ 13ന് ഇവിടെ എത്തിയ എംഎസ്സി ക്ലോഡ് ഗ്രാര്‍ഡെറ്റ് ആയിരുന്നു ഇവിടെ ഇതുവരെ അടുത്തതില്‍ ഭീമന്‍. നീളം 399 മീറ്റര്‍. എംഎസ്സി അന്നയെ കൂടാതെ 25ന് എംഎസ്സി പലേര്‍മോ എന്ന കണ്ടെയ്‌നറും എത്തും. ട്രയല്‍ റണ്‍ നടക്കുന്ന ഘട്ടത്തില്‍ തന്നെ വരുമാനം ലഭിക്കുന്നുവെന്നതും വിഴിഞ്ഞം പദ്ധതി കൂടുതല്‍ വിജയകരമാണെന്നതിന് തെളിവാണ്.