ബാറ്ററി ആസ് എ സർവീസ് പദ്ധതിയുമായി എം.ജി മോട്ടോർ ഇന്ത്യ 

Monday 23 September 2024 12:58 AM IST


* കാറിന് മാത്രം വില, ബാറ്ററിക്ക് കിലോമീറ്ററിന് വാടക
* കോമറ്റ് ഇ.വി: 4.99 ലക്ഷം രൂപ മുതൽ വില, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക

* ഇസഡ്.എസ് ഇ.വി: 13.99 ലക്ഷം രൂപ മുതൽ വില, കിലോമീറ്ററിന് 4.5 രൂപ ബാറ്ററി വാടക

* മൂന്ന് വർഷത്തിന് ശേഷം 60 ശതമാനം ബൈബാക്ക്


കൊച്ചി: ജനപ്രിയ കോമറ്റ് ഇ.വി, ഇസഡ്.എസ് ഇ.വി മോഡലുകളിൽ റെന്റൽ സ്‌കീമിൽ ബാറ്ററിയുമായി (ബാറ്ററി ആസ് എ സർവീസ്) എം.ജി മോട്ടോർ ഇന്ത്യ. ഈയിടെ പുറത്തിറങ്ങിയ എം.ജി വിൻഡ്‌സറിലാണ് ആദ്യമായി റെന്റൽ സ്‌കീമിം ബാറ്ററി ആശയം അവതരിപ്പിച്ചത്.
എം.ജി കോമറ്റ് 4.99 ലക്ഷം രൂപ മുതൽ വിലയിലും കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടകയ്ക്കും ലഭിക്കും. സമ്പൂർണ ഇലക്ട്രിക് ഇന്റർനെറ്റ് എസ്.യു.വിയായ ഇസഡ്.എസ് ഇ.വി 13.99 ലക്ഷം രൂപ മുതൽ വിലയിലും കിലോമീറ്ററിന് 4.5 രൂപ ബാറ്ററി വാടകനിരക്കിലും ലഭിക്കും.

ബാറ്ററി ഉപയോഗത്തിനനുസരിച്ച് നിരക്കായതിനാൽ മോഡലുകൾ കൂടുതൽ ജനപ്രിയമാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. മൂന്ന് വർഷത്തിനു ശേഷം 60 ശതമാനം ബൈബാക്കും ഉറപ്പ് നൽകുന്നു.

വിൻഡ്‌സറിൽ നിന്ന് ലഭിച്ച പ്രതികരണമാണ് ജനപ്രിയ കോമറ്റ് ഇ.വി, ഇസഡ്.എസ് ഇവി മോഡലുകളിലേക്കും ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സതീന്ദർ സിംഗ് ബജ്‌വ പറഞ്ഞു.
ബജാജ് ഫിൻസേർവ്, ഹീറോ ഫിൻകോർപ്പ്, ഇക്കോഫി ഓട്ടോവെർട്ട് തുടങ്ങിയ ഫിനാൻസ് പാർട്ട്ണറുമാരുടെ പിന്തുണയും സ്‌കീമിനുണ്ട്. വിശാലമായൊരു ഇന്റീരിയറും ഒതുക്കമുള്ള എക്സ്റ്റീരിയറും കൂടിച്ചേർന്ന ഇലക്ട്രിക് വാഹനമാണ് എം.ജി കോമറ്റ് ഇ.വി. ഒറ്റ ചാർജിൽ 230 കിലോമീറ്റർ വരെ സഞ്ചരിക്കും. ഇസഡ്.എസ് ഇവിയിൽ മണിക്കൂറിൽ 50 കിലോവാട്ട് പവർ നൽകുന്ന ബാറ്ററി പായ്ക്കാണുള്ളത്. ഒറ്റ ചാർജിൽ 461 കിലോമീറ്റർ ഉറപ്പും നൽകുന്നു.

Advertisement
Advertisement