അവകാശം മറച്ചുവച്ച് കെ.എസ്.ഇ.ബി, വൈദ്യുതി മുടങ്ങിയാലും നഷ്ടപരിഹാരം നൽകണം

Monday 23 September 2024 12:23 AM IST

കൊച്ചി: വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപഭോക്താവിന് ദിവസം 25 രൂപ നഷ്ടപരിഹാരം കെ.എസ്.ഇ.ബി നൽകണം. വോൾട്ടേജ് കുറഞ്ഞാലും നഷ്ടപരിഹാരം. ഉടമസ്ഥാവകാശം മാറ്റാൻ 15 ദിവസത്തിലേറെ എടുത്താൽ ദിവസം 50 രൂപ. സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ നഷ്ടപരിഹാരം നൽകുന്ന ഇത്തരം വ്യവസ്ഥകൾ ജനങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി.

ഇതുസംബന്ധിച്ച സ്റ്റാൻഡേർഡ് ഒഫ് പെർഫോമൻസ് പട്ടിക സെക്ഷൻ ഓഫീസുകളിൽ പ്രദർശിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും പാലിക്കുന്നില്ല. വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അതിനാൽ, വളരെക്കുറച്ച് പരാതികൾ മാത്രമാണ് ലഭിക്കുന്നത്.

25 സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നിശ്ചിത സമയത്തിനകം പരിഹരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യവസ്ഥ. താരിഫ് മാറ്റം, ബില്ലുകളിന്മേലുള്ള പരാതി, ലൈൻ തകരാർ, കണക്ഷൻ ത്രീ ഫേസ് ആക്കൽ, ഡെപ്പോസിറ്റ് തിരികെ നൽകൽ, മീറ്റർ പരിശോധന, മീറ്റർ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയടക്കം ഇതിലുൾപ്പെടും.

പരാതിയുടെ വഴി

സെക്ഷൻ ഓഫീസിൽ ഉപഭോക്താവിന് പരാതി നൽകാം. അത് കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ തർക്ക പരിഹാര സെല്ലിന് കൈമാറും. 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ വൈദ്യുതി ബില്ലിൽ കുറവ് ചെയ്യണം. ഇത് രണ്ടുമുണ്ടായില്ലെങ്കിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിക്കാം.

നഷ്ടപരിഹാരം ഇങ്ങനെ

(സേവനം, പരിഹാര സമയം, പ്രതിദിന

നഷ്ടപരിഹാരത്തുക ക്രമത്തിൽ)

• വൈദ്യുതി മുടക്കം ലൈൻ തകരാർമൂലം: നഗരത്തിൽ 8മണിക്കൂർ,

ഗ്രാമത്തിൽ 12 മണിക്കൂർ.... 25രൂപ

• ട്രാൻസ്‌ഫോർമർ തകരാർ: നഗരത്തിൽ 24 മണിക്കൂർ,

ഗ്രാമത്തിൽ 36 മണിക്കൂർ....25രൂപ

• ഇടയ്ക്കിടെയുള്ള വൈദ്യുതിതടസം: 10മണിക്കൂർ.... 25രൂപ

• താരിഫ് മാറ്റം: 15ദിവസം.... 50രൂപ

• ബില്ലിന്മേൽ പരാതി: മൂന്നുമാസം....50രൂപ

• കണക്ഷൻ പുനഃസ്ഥാപിക്കൽ: 24മണിക്കൂർ... 50രൂപ

• മീറ്റർ പരിശോധന/ കൃത്യത നിർണയം: 5ദിവസം... 25രൂപ

• മീറ്റർ മാറ്റൽ: 7ദിവസം... 25രൂപ

''നിയമാനുസൃതമായ ബോർഡുകൾ സെക്ഷൻ ഓഫീസുകളിൽ പ്രദർശിപ്പിച്ചില്ലെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും

-കെ. കൃഷ്ണൻകുട്ടി,

വൈദ്യുതിമന്ത്രി