നവജാതശിശുവിന്റെ മൃതദേഹത്തിനായി തെരച്ചിൽ
കൽപ്പറ്റ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പ്രതികളുടെ മൊഴിപ്രകാരം സംഭവസ്ഥലത്ത് പൊലീസ് പ്രാഥമിക തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്തിയില്ല.
അതിനിടെ,കുഞ്ഞിനെ കൊലപ്പെടുത്തിയത് യുവതിയുടെ സുഹൃത്തിന്റെ അമ്മയെന്ന് ബന്ധു വെളിപ്പെടുത്തി. എന്നാൽ,കുഞ്ഞ് ജനിച്ചപ്പോൾ ജീവനില്ലാന്നാണ് പ്രതികൾ പറയുന്നത്. ആ വാദം പൊളിക്കുന്ന തരത്തിൽ ബന്ധുക്കൾ പകർത്തിയ കുഞ്ഞിന്റെ ജീവനോടെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയെ ഗർഭഛിദ്രം നടത്തിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും സൂചനയുണ്ട്. പ്രതികളായ റോഷൻ സൗദ്,അമ്മ മഞ്ജു സൗദ്,അച്ഛൻ അമർ ബാദുർ സൗദ് എന്നിവർ റിമാൻഡിലാണ്.
കൽപ്പറ്റയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിനിരയായി കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ മഞ്ജു സൗദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി. ഇതിന്‌ശേഷം മൃതദേഹം ബാഗിലാക്കി പഴയ വൈത്തിരി ഭാഗത്ത് ഉപേക്ഷിച്ചു. മേയിലാണ് സംഭവം നടന്നത്.
കൽപ്പറ്റ സി.ഐ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.