'മുടി വെട്ടാത്തതിൽ വഴക്കുപറഞ്ഞു, നേരംവെളുത്തപ്പോൾ മകനെ കാണാനില്ല'; അതുൽ പിണങ്ങിപ്പോയതെന്ന് പിതാവ്

Monday 23 September 2024 11:32 AM IST

പാലക്കാട്: കൊല്ലങ്കോട് നിന്നും കാണാതായ പത്ത് വയസുകാരനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെ ഇന്ന് പുലർച്ചെയോടെയാണ് കാണാതായത്. കുട്ടി പാലക്കാട് നഗരത്തിൽ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, മകൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിന്റെ കാരണം വ്യക്തമാക്കി പിതാവ് ഷൺമുഖൻ രംഗത്തെത്തി. മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതാണ് മകൻ വീടുവിട്ടിറങ്ങാൻ കാരണമായതെന്നാണ് അദ്ദേഹം പറഞ്ഞത്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോൾ മകനെ കാണാനില്ലെന്നും ഷൺമുഖൻ വ്യക്തമാക്കി.

വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനമെടുത്താണ് അതുൽ പോയത്. ശേഷം വീടിന് സമീപത്തെ കവലയിൽ വാഹനം വച്ചു. മുടി വെട്ടാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞതിനാലാണ് വീടുവിട്ടിറങ്ങുന്നതെന്ന് നോട്ട്‌ ബുക്കിൽ അതുൽ എഴുതി വച്ചിട്ടുണ്ട്. വണ്ടി കവലയിൽ വയ്‌ക്കാമെന്നും അമ്മയുടെ ബാഗിൽ നിന്നും 1000രൂപ എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അമ്മയെ വിളിക്കാമെന്നും കത്തിലുള്ളതായി ഷൺമുഖൻ പറഞ്ഞു.

വഴക്ക് പറഞ്ഞതിൽ മനംനൊന്താണ് അതുൽ വീടുവിട്ടിറങ്ങി എന്നാണ് കത്തിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.