ധർമ്മചര്യായജ്ഞം സമാപനവും സ്വാമി ബോധാനന്ദ സ്മൃതി സമ്മേളനവും നാളെ
ശിവഗിരി : ശ്രീനാരായണ ധർമ്മചര്യാജ്ഞസമാപനത്തിന്റെ ഭാഗമായി 25 ന് സ്വാമി ബോധാനന്ദ സമൃതി സമ്മേളനം നടക്കും. ബോധാനന്ദ സ്വാമി സമാധിയായ വെളുപ്പിന് 3.30 ന് സ്വാമികളുടെ സമാധി പീഠത്തിൽ വിശേഷാൽ ആരാധന, രാവിലെ 9 ന് വിശേഷാൽ ഗുരുപൂജയും സമൂഹ പ്രാർത്ഥനയും ജപവും ധ്യാനവും. തുടർന്ന് ഗുരുദേവ ജയന്തിക്ക് വൈദികമഠത്തിൽ ആരംഭിച്ച ധർമ്മചര്യായജ്ഞം പര്യവസാനിക്കും. ആഗസ്റ്റ് 18 ന് മുരുക്കുംപുഴ ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിലേക്കാനയിച്ച് ഗുരുജയന്തിക്ക് ഉയർത്തിയ ധർമ്മപതാക പ്രാർത്ഥനയോടെ ഇറക്കും. ഗുരുധർമ്മപ്രചരണസഭയുടെ പ്രവർത്തകർ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ നേതൃത്വത്തിൽ മഹാസമാധിയിലേക്ക് നാമജപയാത്ര നടത്തും. 10.30 ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സ്മൃതി സമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അസംഗാനന്ദഗിരി, അടൂർ പ്രകാശ് എം. പി, അഡ്വ. വി. ജോയി എം. എൽ. എ, ഗുരുധർമ്മ പ്രചരണസഭാ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പ്ലാവഴികം തുടങ്ങിയവർ പ്രസംഗിക്കും.
ഹജ്ജ് അപേക്ഷാ സമർപ്പണ തീയതി നീട്ടി
മലപ്പുറം: ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. 2025ലെ ഹജ്ജിന് സംസ്ഥാന കമ്മിറ്റി മുഖേന ഇതുവരെ 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. രാജ്യത്താകെ ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്.
ആയുർവേദ ഡോക്ടർമാർ അവകാശ സംരക്ഷദിനം ആചരിക്കും
തിരുവനന്തപുരം: കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസർമാർ നാളെ അവകാശ സംരക്ഷണ ദിനമാചരിക്കും. പ്രത്യേക ബാഡ്ജ് ധരിച്ച് മെഡിക്കൽ ഓഫീസർമാർ രോഗികളെ പരിശോധിക്കുക. ഒ.പി സമയത്ത് രോഗികളെ ചികിത്സിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വകുപ്പിന്റെ അനാവശ്യ ഡാറ്റ കളക്ഷൻ ഉൾപ്പെടെയുള്ള ക്ലെറിക്കൽ ജോലികൾ നിയന്ത്രിക്കുക,പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും സുതാര്യമായും അപാകതകൾ പരിഹരിച്ചും നടത്തുക,ജീവനക്കാരെയും സംഘടനകളെയും വിശ്വാസത്തിലെടുത്ത് വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ജനക്ഷേമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ ദിനമാചരിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ അറിയിച്ചു.
മെഡിട്രിന ആശുപത്രിയിൽ സൗജന്യ ഹൃദ്റോഗ ക്യാമ്പ്
തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിട്രിന ആശുപത്രി 25, 26 ദിവസങ്ങളിൽ രാവിലെ 9 മുതൽ 1 വരെ സൗജന്യ ഹൃദ്റോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ഹൃദ്റോഗ വിദഗ്ദ്ധരായ ഡോ.എൻ. പ്രതാപ് കുമാർ (ചെയർമാൻ ആൻഡ് എം.ഡി മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ്),ഡോ.സുനിത വിശ്വനാഥൻ,ഡോ. പ്രദീപ് എച്ച്.എൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുന്നവർക്ക് ബ്ലഡ് ഷുഗർ,ബി.പി,ഇ.സി.ജി പരിശോധനകൾ സൗജന്യമായിരിക്കും കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്ന ആദ്യത്തെ 25 പേർക്ക് 1300രൂപ നിരക്കിലുള്ള എക്കോ,ടി.എം.ടി ടെസ്റ്റ് സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് 50% ഡിസ്കൗണ്ടും മെഡിസെപ്,ഇ.എസ്.ഐ ഇൻഷ്വറൻസ് പരിരക്ഷയും നൽകും. ആൻജിയോഗ്രാം 6,000രൂപയ്ക്കും,ആൻജിയോപ്ലാസ്റ്റി (ഒരു സ്റ്റെന്റ്) 90,000 രൂപയ്ക്കും ചെയ്യും. വിവരങ്ങൾക്കും,രജിസ്ട്രേഷനും:0471-2883000,8139887732.
പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 28ന്
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ 28ന് രാവിലെ 11ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാനവ ഐക്യവേദി സെക്രട്ടറി ജനറൽ സമർപ്പിച്ച നിവേദനം, സമുദായത്തിന്റെ പേര് യോഗിസ് എന്നുള്ളത് യോഗി എന്ന് തിരുത്തണമെന്ന ആവശ്യം, ജാതിപ്പേര് ഒന്നാണെന്നു വ്യക്തമാക്കുന്ന സാക്ഷ്യപത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിത്ര എസ് സമർപ്പിച്ച ഹർജി എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ,മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ.വി. ജോർജ്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.