മോഹൻലാലുമായുള്ള സാദൃശ്യം; നേരിട്ട വിഷമങ്ങളെപ്പറ്റി തുറന്നുപറഞ്ഞു ഷാജു ശ്രീധർ

Tuesday 24 September 2024 10:08 AM IST

ഭാര്യ ചാന്ദ്നി ഇനി അഭിനയ രംഗത്തേക്കില്ലെന്ന് വെളിപ്പെടുത്തി നടൻ ഷാജു ശ്രീധർ. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് ചാന്ദ്‌‌നി. വിവാഹത്തോട് അഭിനയത്തോട് വിടപറഞ്ഞ ചാന്ദ്നി ഇപ്പോൾ ഡാൻസ് ടീച്ചറാണ്. ഡാൻസ് ഭാര്യയുടെ പാഷനാണെന്ന് ഷാജു കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

"ഡാൻസ് സ്‌കൂൾ വളരെ സജീവമായി പോകുകയാണ്. വളരെ ബിസിയായ ഡാൻസ് ടീച്ചറാണ്. അവരുടെ പാഷൻ ഡാൻസാണ്. സിനിമ കഴിഞ്ഞപ്പോൾ സ്വസ്ഥമായി പൂർണമായും ഡാൻസ് മേഖലയിലേക്ക് മാറാൻ അവർ തീരുമാനിച്ചു. പെട്ടെന്ന് തീരുമാനിച്ചപ്പോൾ ഞാൻ കുറച്ച് കഷ്ടത്തിലായി. വിവാഹ ജീവിതം എന്ന് പറയുമ്പോൾ ഒരുപാട് ചെലവുകളുള്ളതാണല്ലോ. സമയത്തിന് വർക്കും ഉണ്ടാകില്ല. പക്ഷേ ഇപ്പോൾ ഡാൻസ് സ്‌കൂൾ വളരെ സജീവമായി പോകുന്നു. നമ്മളേക്കാൾ സേഫ് അവിടെയാണ്. സിനിമ എന്നും ഉണ്ടാകണമെന്നില്ല.'- ഷാജു പറഞ്ഞു.


മോഹൻലാലുമായി സാദൃശ്യമുണ്ടെന്ന് ആളുകൾ പറയുന്നത് കരിയറിനെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടും ഷാജു പ്രതികരിച്ചു. 'നെഗറ്റീവായും പോസിറ്റീവായും ബാധിച്ചു. പോസിറ്റീവായ കാര്യം കൊണ്ടാണ് ഞാൻ ഇവിടെയിരിക്കുന്നത്. അങ്ങനെയാണ് ഞാൻ സിനിമയിൽ വന്നത്. മിമിക്രിയൊക്കെ കാണിച്ചാണ് തുടങ്ങിയത്.

നെഗറ്റീവെന്ന് പറഞ്ഞാൽ അയാൾ മോഹൻലാലിനെപ്പോലെ എന്നുള്ള രീതിയിൽ കുറേക്കാലം എന്നെ മാറ്റി നിർത്തിയിരുന്നു. ഇപ്പോൾ അങ്ങനെ വലിയ പ്രശ്നമില്ല. വല്ലാത്ത വിഷമം തോന്നുന്നു. ഒരു മിമിക്രിക്കാരനെന്ന രീതിയിലുള്ള പ്രയാസങ്ങൾ. ആരെയാണോ കൂടുതലായി അനുകരിക്കുന്നത് അവർ കറക്ടായി അവരുടെ ബോഡിയിലുണ്ടാകും. ആയിരക്കണക്കിന് സ്‌റ്റേജുകൾ കഴിഞ്ഞിട്ടല്ലേ നമ്മൾ വരുന്നത്.'- ഷാജു പറഞ്ഞു.