സർക്കാർ നിഗൂഢ നിശബ്ദത പുലർത്തി: ഹേമ റിപ്പോർട്ട് വെളിച്ചം കണ്ടത് കോടതി കാരണം

Wednesday 25 September 2024 12:48 AM IST

കൊച്ചി: സിനിമാരംഗത്തെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വെളിച്ചം കണ്ടത് ഹൈക്കോടതി ഇടപെടൽ കൊണ്ടു മാത്രമാണെന്ന് സംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. റിപ്പോർട്ട് നാലുവർഷത്തിലധികം പൂഴ്‌ത്തിവച്ചതിന് സർ‌ക്കാരിനെ രൂക്ഷമായി വിമ‌ർശിച്ചു. സർക്കാർ നിഗൂഢ നിശബ്ദതയാണ് പുലർത്തിയതെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വിലയിരുത്തി.

യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം.

റിപ്പോർട്ടിൽ പരാമർശിക്കുന്നവർക്കതിരേ നടപടിയെടുക്കാൻ സ‌ർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇരകളുടെ പ്രത്യേക പരാതികൾ വേണ്ടിവന്നു. റിപ്പോർട്ട് അടവച്ചതിന്റെ നിയമവശങ്ങൾ ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി ഉത്തരവാണ് ഈ കേസിലെ അതിജീവിതയെപ്പോലെ പല ഇരകൾക്കും മുന്നോട്ടു നീങ്ങാനുള്ള തന്റേടം നൽകിയതെന്നും ഉത്തരവിൽ പറയുന്നു.

അതിജീവിതയെ സ്വഭാവഹത്യ ചെയ്യുന്ന പരാമർശങ്ങൾ സിദ്ദിഖിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചിരുന്നു. വിശ്വാസ്യയോഗ്യമല്ലാത്ത ആരോപണങ്ങളിലൂടെ പലരേയും അപകീർത്തിപ്പെടുത്തി ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമങ്ങൾ 2019ൽ തുടങ്ങിയതാണെന്നും ആരോപിച്ചു. എട്ടുകൊല്ലം പരാതി ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു. ഇത് അനാവശ്യ വാദങ്ങളാണെന്ന് സിംഗിൾബെഞ്ച് നിരീക്ഷിച്ചു.

ഇരയെ നിശബ്ദയാക്കാനും ശ്രമമെന്ന് കോടതി

പരാതി വൈകാൻ കാരണം അതിജീവിതയുടെ മാനസിക, വൈകാരിക, സാമൂഹിക പ്രതിബന്ധങ്ങളാകാം. കുറ്റകൃത്യം പുറത്തുപറയാൻ വൈകിയതിനെക്കുറിച്ച് കേസിന്റെ പ്രാഥമികഘട്ടത്തിൽ പരിശോധിക്കേണ്ടതില്ല. വിചാരണയ്ക്കുശേഷമാണ് അത് വിലയിരുത്തേണ്ടത്.

തുറന്നു സംസാരിച്ചതിന്റെ പേരിൽ ഒരു വനിതയെ കുറ്റപ്പെടുത്തുന്നത് അവരെ നിശബ്ദയാക്കാനുള്ള തന്ത്രമാണ്. നിയമവാഴ്ചയെന്ന പരമാധികാരത്തെ അവമതിക്കലാണത്.

പീഡനത്തെ എതിർത്തപ്പോൾ ഇത് പുറത്തുപറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും എന്നെ സംബന്ധിച്ച് നീ വട്ടപ്പൂജ്യമാണെന്നും സിദ്ദിഖ് പറഞ്ഞതായി യുവതിയുടെ മൊഴിയിലുണ്ട്. പരാതി വൈകിയത് പ്രതിയുടെ സ്വാധീനശക്തി ഭയന്നും തന്റെ മാനസികസമ്മ‌ർദ്ദം കാരണവുമാണെന്നും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീ ഉന്നതയായാലും താഴേത്തട്ടിലായാലും സമൂഹം അവരുടെ അന്തസ് മാനിക്കണമെന്ന് ബിൽക്കീസ് കേസിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. വിധിപറയുന്നത് പരാതിക്കാരിയുടെ സ്വഭാവത്തെക്കുറിച്ച് മുൻവിധിയോടെയല്ല, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ്.