ചൂരൽമല ഉരുൾപൊട്ടൽ:108 ഹെക്ടർ സുരക്ഷിതമല്ലെന്ന് പഠന റിപ്പോർട്ട് # ദുരന്തകാരണം കാലാവസ്ഥാവ്യതിയാനം
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ വഴി 108 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലാതായെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ റിട്ട.ശാസ്ത്രജ്ഞൻ ജോൺ മത്തായി വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്നലെ സർക്കാരിന് സമർപ്പിച്ചു.
ഉരുൾപൊട്ടൽ മനുഷ്യപ്രേരിതമല്ല. ഒരു കിലോമീറ്റർ ചുറ്റളവിൽ ക്വാറികളോ മനുഷ്യ നിർമ്മിതമായ ഡാമുകളോ ഇല്ല. കാലാവസ്ഥാ വ്യതിയാനമാണ് ഉരുൾപൊട്ടലിന് മുഖ്യ കാരണം.
ഉരുൾ പൊട്ടുന്നതിന്റെ രണ്ട് ദിവസം 572.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 300 മില്ലിമിറ്ററിൽ കൂടുതലാണെങ്കിൽ തന്നെ ഉരുൾ പൊട്ടും. 29ന് രാത്രി മണിക്കൂറിൽ 50 മില്ലിമീറ്റർ തോതിൽ മഴ പെയ്തിട്ടുണ്ട്. ഈ മഴയും നീർച്ചാലുകൾ വഴിയുളള വെളളവും എല്ലാം പ്രഭവകേന്ദ്രത്തിന് സമീപം ഉരുൾപൊട്ടാനിടയാക്കിയെന്നാണ് റിപ്പോർട്ടിലുളളത്.
പ്രഭവകേന്ദ്രത്തിൽ നിന്ന് 25 ലക്ഷം ക്യൂബിക് മീറ്റർ മണ്ണും പാറയും താഴേക്ക് പതിച്ചു. മൂന്ന് ലക്ഷം ടൺ മേൽമണ്ണ് നഷ്ടമായിട്ടുണ്ട്. പ്രദേശം ബലഹീനമായിരുന്നുവെന്ന് ജിയോ ടെക്നിക്കൽ പഠനവുമുണ്ട്. പ്രഭവകേന്ദ്രത്തിൽ ഒരു ഉരുൾപൊട്ടൽ മാത്രമേ മുണ്ടക്കൈയിൽ നടന്നിട്ടുളളു. അവിടെ നിന്നുളള വെളളവും പാറക്കെട്ടുകളും മരങ്ങളുമെല്ലാം ഒഴുകിയെത്തി ഡാം പോലെ മൂന്നിടങ്ങളിൽ രൂപം കൊളളുകയായിരുന്നു. അത് മൂന്ന് തവണ പൊട്ടിയിട്ടുണ്ട്. വെളേളാലിപ്പാറ,പുഞ്ചിരിമട്ടം,സീതമ്മകുണ്ട് എന്നിവിടങ്ങളിലാണ് ഡാം പോലെ വെളളവും മരങ്ങളും പാറകളും അടിഞ്ഞുകൂടിയത്. ഇവിടെ മുപ്പത് മീറ്റർ ഉയരത്തിൽ വെളളം പൊങ്ങിയിട്ടുണ്ട്. ഇരുവശങ്ങളിലുമുളള നിർമ്മിതികൾ പാടെ ഒലിച്ചുപോയി.
7.1 കിലോ മീറ്റർ ദൂരത്തിലുളളതെല്ലാം ഒഴുകിപ്പോയി. പ്രഭവ കേന്ദ്ര പ്രദേശം 36 ഡിഗ്രി ചരിവുണ്ട്. ആറ് ചെറു ചാലുകൾ പ്രഭവകേന്ദ്രത്തിന് സമീപം ഉണ്ടായിരുന്നു.
ഉരുൾപൊട്ടൽ നാശം വിതച്ച പുഴയുടെ ഇരുകരകളിലും നൂറ് മീറ്റർ ഇടവിട്ട് ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന.