കൊച്ചി വിമാനത്താവളം വേറെ ലെവലിലേക്ക്, തയ്യാറാകുന്നത് മൂന്ന് പദ്ധതികള്‍
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) ഇന്ന് രണ്ട് വികസന പദ്ധതികള്‍ക്ക് കൂടി തുടക്കമാകും. സിയാല്‍ ചുറ്റുമതില്‍ സുരക്ഷാ കവചവും പുതിയ ടി 3 ലോഞ്ചും ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും.
സെപ്തംബര്‍ ഒന്നിന് 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തതിന് പുറമെയാണ് ഈ മാസം തന്നെ സിയാലില്‍ രണ്ട് വലിയ പദ്ധതികള്‍ കൂടി കമ്മിഷന്‍ ചെയ്യുന്നത്. വിമാനത്താവള ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷയ്ക്കായി ഒരുക്കിയ അത്യാധുനിക ഇലക്ട്രോണിക് കവചമാണ് ഒന്ന്. ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ വിസ്തൃതിയും സുഖസൗകര്യങ്ങളും വര്‍ദ്ധിപ്പിച്ച് പുതുക്കിയ ലോഞ്ച് ആണ് രണ്ടാമത്തേത്.
ഇലക്ട്രോണിക് സുരക്ഷാ വലയം
വിമാനത്താവള ഓപ്പറേഷണല്‍ മേഖലയ്ക്ക് 'പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തിന്റെ (പിഡ്സ്)' സുരക്ഷ. 12 കി.മി ചുറ്റുമതിലില്‍ (മാരകമാവാത്ത വിധം) വൈദ്യുതി വേലി, ഫൈബര്‍ ഒപ്റ്റിക് വൈബ്രേഷന്‍ സെന്‍സര്‍, തെര്‍മല്‍ ക്യാമറകള്‍ ഘടിപ്പിച്ചു. ചുറ്റുമതിലിലും കാനകളിലുമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപ വ്യതിയാനവും തത്സമയം കണ്‍ട്രോള്‍ സെന്ററിലേയ്ക്ക് അയക്കും. ഇത്രയും സമഗ്രമായ സുരക്ഷാ കവചം ഇന്ത്യയിലാദ്യം. 30 കോടി രൂപയാണ് ചെലവ്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആണ് പിഡ്സിനുവേണ്ട സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയത്.
പുത്തന്‍ ലോഞ്ച്
ടെര്‍മിനല്‍ 3 ന്റെ ഡിപ്പാര്‍ച്ചറില്‍ അധിക ലോഞ്ച് നിര്‍മിച്ചു. ഇതോടെ ലോഞ്ചിന്റെ വിസ്തൃതി 14,000 ചതുരശ്രയടിയില്‍ നിന്ന് 21,000 ചതുരശ്രയടിയായി. തിരക്കേറിയ സമയത്തും സൗകര്യപ്രദമായി ലോഞ്ച് അനുഭവം ലഭ്യമാകും. അര്‍ഹതയുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ലോഞ്ച്. കഴിഞ്ഞ ഒന്നിന് കമ്മിഷന്‍ ചെയ്ത 0484 എയ്റോ ലോഞ്ചില്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടെ ബുക്കിംഗ് തുടങ്ങും.