'കുറച്ച് ചിത്രങ്ങൾ കൂടി'; ഉപദേശവുമായി എത്തിയ സൈബർ സഹോദരന്റെ വായടപ്പിച്ച് പോസ്റ്റിട്ട് ഹൻസിക

Thursday 26 September 2024 3:13 PM IST

സോഷ്യൽമീഡിയയിൽ സജീവമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരത്തിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹശേഷം കുടുംബവുമായി ബാലിയിൽ വിനോദയാത്രയ്ക്ക് പോയതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. പോസ്റ്റുകൾക്ക് മികച്ച പ്രതികരണങ്ങളും വിമർശനങ്ങളും ലഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ഉപദേശവുമായി എത്തിയ ആൾക്ക് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക.

'ദയവ് ചെയ്ത് പഠിക്കൂ. സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയിൽ ഞാൻ ഉപദേശം തരികയാണ്' എന്നായിരുന്നു ഹൻസികയുടെ ചിത്രങ്ങൾക്ക് വന്ന കമന്റ്. 'ക്രിപ്റ്റൺ ബോയ്' എന്ന ഐഡിയിൽ നിന്നാണ് കമന്റുകൾ വന്നത്. പിന്നാലെ അതേ വസ്ത്രമണിഞ്ഞുളള കൂടുതൽ ചിത്രങ്ങൾ ഹൻസിക പോസ്റ്റ് ചെയ്യുകയായിരുന്നു. 'ഇതേ ഔട്ട്ഫിറ്റിലുള്ള കുറച്ച് ചിത്രങ്ങൾ കൂടി' എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഹൻസിക പങ്കുവച്ചത്. സൈബർ സഹോദരനുള്ള ഹൻസികയുടെ മറുപടിയാണ് പുതിയ പോസ്റ്റെന്നാണ് ആരാധകരുടെ അഭിപ്രായം.

ബാലിയിൽ നിന്ന് തലൈവരുടെ 'മനസിലായോ' ഗാനത്തിന് ദിയയ്ക്കും അശ്വിനും ഒപ്പം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ചുവടുവയ്ക്കുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു. വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്.