സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ലോഗോയും ഭാഗ്യചിഹ്നവുമായി
മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ 'തക്കുടു'
തിരുവനന്തപുരം: നവംബർ നാല് മുതൽ പതിനൊന്ന് വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ ലോഗോയും ഭാഗ്യചിഹ്നവും മന്ത്രിമാരായ പി.രാജീവും വി.ശിവൻകുട്ടിയും ചേർന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു; മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ 'തക്കുടു' ആണ്. ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തതത് വിനോജ് സുരേന്ദ്രനാണ്. ലോഗോയുടെ ഡിസൈൻ ഋഷി കല്ലടയുടേതാണ്.
രാജ്യത്താദ്യമായാണ് സ്‌കൂൾ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകളുള്ള കുട്ടികളേയും ഉൾപ്പെടുത്തി ഇൻക്ലൂസീവ് സ്‌പോർട്സ് ആദ്യമായി നടപ്പാക്കും. ഇരുപതിനായിരത്തിലധികം കായികപ്രതിഭകളും രണ്ടായിരം സവിശേഷകഴിവുള്ള കായികപ്രതിഭകളും പങ്കെടുക്കും. പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകാൻ സാദ്ധ്യതയുള്ള മേളയാണിതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു.