എൻ.സി.പി മന്ത്രിമാറ്റം സങ്കീർണമാകുന്നു
തിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രിമാറ്റം കൂടുതൽ സങ്കീർണതയിലേക്ക്. മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന തോമസ് കെ.തോമസിനെതിരെ അദ്ദേഹത്തിന്റെ ജ്യേഷ്ഠനും മുൻ മന്ത്രിയുമായ അന്തരിച്ച തോമസ് ചാണ്ടിയുടെ ബന്ധുക്കളടക്കം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നുമാണ് വിവരം.
എ.കെ.ശശീന്ദ്രനെ മന്ത്രി പദത്തിൽ നിന്ന് മാറ്റണമെന്ന നിലപാടിൽ പാർട്ടി ഔദ്യോഗിക വിഭാഗം ഉറച്ചുനിൽക്കുകയാണ്. അടുത്ത മാസം മൂന്നിന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോയും എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. നാലിന് നിയമസഭാ സമ്മേളനവും തുടങ്ങും. ശശീന്ദ്രനെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് എൻ.സി.പി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. വർക്കല രവികുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ മാസ്റ്റർ, സംസ്ഥാന ട്രഷറർ കുഞ്ഞുമോൻ എന്നിവർ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ഒരു കമ്മിറ്റിയിലും ചർച്ചചെയ്യാത്ത മന്ത്രിമാറ്റമുയർത്തി മുന്നണി മാറാനുള്ള ശ്രമമാണ് ചാക്കോ നടത്തുന്നതെന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ വാദം. ഉടക്കിനിന്ന തോമസും ചാക്കോയും ഒന്നിച്ചതിലും അവർ ദുരൂഹത കാണുന്നു. ദേശീയതലത്തിൽ പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയെ കോൺഗ്രസിൽ ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചാക്കോ സംസ്ഥാനത്ത് കരുക്കൾ നീക്കുന്നതെന്നും അവർ സംശയം പ്രകടിപ്പിക്കുന്നു.
ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റുമായ രാജൻ മാസ്റ്റർക്കെതിരെ പാർട്ടി ഭരണഘടനപ്രകാരം നടപടിയെടുക്കാൻ സംസ്ഥാന അദ്ധ്യക്ഷനായ ചാക്കോയ്ക്കാവില്ലെന്നും ശശീന്ദ്രൻ പക്ഷം വ്യക്തമാക്കുന്നു.