മഴ

Sunday 29 September 2024 3:00 AM IST

മഴ

സന്ധ്യ സാന്റെഷ്

കാതുകൾക്കിമ്പമായ് മലകളിൽ തട്ടി പ്രതിദ്ധ്വനിച്ച് മഴയുടെയൊരു വരവുണ്ട്.

നോക്കിനിൽക്കുന്നേരം അകലെനിന്നുമെത്തുന്ന മഴയുടെ വിതുമ്പലുകൾ നമ്മളിലും പതിക്കും.

പിന്നെ, ഒരു ആർത്തനാദം തന്നെയാവും പരാതികൾ, പരിഭവങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.

അലമുറകളിൽ തുടങ്ങി മെല്ലെമെല്ലെ നേർത്ത തേങ്ങലായ് പെയ്‌തൊഴിയും.

സൂര്യതാപത്തിലുരുകുന്ന ഭൂമി അതേറ്റെടുക്കും ആ കുളിരിൽ മണ്ണും പ്രണയിനിയായിടും...

കാലങ്ങളായി ഞാനും ഈ മഴയിൽ കുളിരുന്നു. ഒരു മഴയിൽ വിട്ടകന്നവർ എന്നോടു കുശലം ചൊല്ലുന്നു.

നിനക്ക് ഭ്രാന്തെന്നു ചൊല്ലുന്നവർ ഏറെയെങ്കിലും ഞാനിന്നും ഈ മഴ നനയുന്നു...

എന്റെ കണ്ണുനീരലിയിക്കാൻ ചിരികളിൽ പങ്കുചേരാൻ എനിക്കുവേണ്ടിയാകും ഈ മഴയെന്ന് ഞാൻ നിനച്ചിടുന്നു.

2

എരിക്കാം,​ വളമാക്കാം

- ഭരതന്നൂർ ശിവരാജൻ

ഉള്ളതു ചപ്പും ചവറുകളുമതു -

മട്ടുള്ളവകൾ പലതും തന്നെ

എറിയരുതു പൊതു വീഥികളിൽ പി-

ന്നതു പോലുള്ള സ്ഥലങ്ങളിലൊന്നും

ആൾകൾക്കതു പല പല വിധമത്രേ

ദുരിത,​ മുപദ്രവം ഓർമ്മയിൽ വേണം

എന്തേ പിന്നിതു മാറ്റാൻ മാർഗ്ഗം,​

ചിന്തയിൽ ഗാന്ധിമൊഴി ഓർക്കാം

ബന്ധിപ്പിച്ചിവ, തീയിലെരിക്കാം

വെന്തവകിട്ടും ചാരമെടുക്കാം

ഉള്ളതു ചെടികൾക്കെല്ലാം വളമായ്

നല്ലതു പോലെ ഇട്ടുകൊടുക്കാം

വളരട്ടെ അവ, ഇടരൊഴിവൊന്നും

കലരാതെ ഫലമെമ്പാടായി!