രണ്ട് പേരും പഠിക്കുന്നത് രണ്ട് സ്‌കൂളുകളിൽ; ആദ്യം കാണാതാവുന്നത് ദേവനന്ദയെ, പിന്നാലെ ഷെബിൻഷാ
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌കൂളിൽ പോയി വീട്ടിലേക്ക് മടങ്ങി വരാത്തതിനെതുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദയെ കാണാതായ വിവരം പുറത്തറിയുന്നത്. ആദ്യം കാണാതായത് ദേവനന്ദയെയായിരുന്നു. ദേവനന്ദ പോകാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലത്ത് പരിശോധന നടത്തി. കണ്ടുകിട്ടാതായതോടെ പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് അമ്പലംകുന്ന് സ്വദേശിയായ ഷെബിൻഷായെയും കാണാതാവുന്നത്. ഇരുവരും ഒരേ സമയത്ത് കാണാതായത് ദുരൂഹതയും സംശയവും വർദ്ധിപ്പിച്ചു. രണ്ട് പേരെയും കണ്ടെത്താൻ വിപുലമായ ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ട് പേരുടെയും മൃതദേഹങ്ങൾ കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
രണ്ട് പേരും രണ്ട് സ്‌കൂളിലാണ് പ്ലസ് വണ്ണിൽ പഠിക്കുന്നത്. ദേവനന്ദ ഓടാനവട്ടം സ്‌കൂളിലും ഷെബിൻ ഷാ കൊട്ടാരക്കര ബോയ്സ് സ്‌കൂളിലുമാണ്. വിദ്യാർത്ഥികൾ ഒരുമിച്ച് ജീവനൊടുക്കിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.