അപകടം പതിയിരിക്കുന്ന ലാൻഡിംഗ് സെന്റർ  ഇരുമ്പു ഷീറ്റുകൾ ഇളകിയാടുന്നു

Friday 27 September 2024 7:00 PM IST

തൃപ്പൂണിത്തുറ: ഉദയംപേരൂർ ചൗക്ക കടവ് ഫിഷ് ലാൻഡിംഗ് സെന്ററിലെ മത്സ്യത്തൊഴിലാളി വിശ്രമകേന്ദ്രത്തിലെ മേൽക്കൂരയിൽ സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകൾ ഇളക്കിയാടുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. ഈയിടെയുണ്ടായ മഴയിലും ശക്തമായ കാറ്റിലുമാണ് ഇരുമ്പു ഷീറ്റുകൾ ഇളകിമാറിയത്. രാത്രി കാലങ്ങളിൽ മത്സ്യബന്ധനത്തിനായി വലകൾ കായലിൽ സ്ഥാപിച്ചതിനു ശേഷം തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലമാണിത്. ഏതു നിമിഷവും വീഴാൻ സാദ്ധ്യതയുള്ള ഇരുമ്പു ഷീറ്റുകൾ മൂലം കെട്ടിടത്തിനകത്ത് കയറാൻ സാധിക്കുന്നില്ല. കൂടാതെ കെട്ടിടത്തിന്റെ തറയിലും ഭിത്തികളിലും വിള്ളലുകളും വീണ്ടിട്ടുണ്ട്. പ്രദേശത്ത് ചെമ്മീൻ ഉണക്കുന്നവരും ഇവിടെയാണ് വിശ്രമിക്കുന്നത്. അവധി ദിവസങ്ങളിൽ കുട്ടികളും ഇവിടെ കളിക്കാനെത്തുന്നു. കെട്ടിടത്തിന്റെ മേൽക്കൂര മാറ്റിസ്ഥാപിക്കണമെന്ന് മത്സത്തൊഴിലാളികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.

വഞ്ചിപുര സ്ഥാപിക്കണം

തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കുറുപ്പശേരി ഫിഷ് ലാൻഡിംഗ് സെന്ററിന്റെ സ്ഥിതിയും ദയനീയമാണ്. മത്സ്യബന്ധനം കഴിഞ്ഞ് വള്ളങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള വഞ്ചിപ്പുര ഇവിടെ ഇതുവരെ സ്ഥാപിച്ചിട്ടില്ല. മരത്തടിയിൽ നിർമ്മിച്ചിട്ടുള്ള വള്ളങ്ങൾ കരയിൽ കയറ്റി വയ്ക്കുമ്പോൾ വെയിലും മഴയുമേറ്റ് നശിച്ചു പോകുകയാണ്. വഞ്ചിപ്പുര വേണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് പലതവണ നല്കിയ നിവേദനങ്ങൾക്ക് ഇതുവരെ മറുപടിയുണ്ടായിട്ടില്ല.

മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ വള്ളങ്ങൾ സുരക്ഷിതമായി സംരക്ഷിക്കാനുള്ള വഞ്ചിപ്പുര ഉടൻ നിർമ്മിച്ചു നൽകണം

ഇ.എസ്. ജയകുമാർ

ബ്ലോക്ക് പ്രസിഡന്റ്

മത്സ്യ തൊഴിലാളി കോൺഗ്രസ് തൃപ്പൂണിത്തുറ

Advertisement
Advertisement