ഇപ്പോഴത്തെ പ്രതിസന്ധി മുഖ്യമന്ത്രി ചോദിച്ചു വാങ്ങിയത്: ഷാഫി പറമ്പിൽ

Saturday 28 September 2024 1:13 AM IST

പാലക്കാട്: സ്വന്തം തടിക്ക് കേടുതട്ടിത്തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് പി.വി.അൻവറിനോട് വിരോധം തുടങ്ങിയതെന്ന് ഷാഫി പറമ്പിൽ എം.പി. അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകി കൂടെ കൂട്ടിയതും പിണറായിയാണ്. ആർ.എസ്.എസ് നേതാക്കളുടെ അനുമതി വൈകുന്നതിനാലാണ് എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ മാറ്റാത്തത്. രാഹുൽ ഗാന്ധിയെക്കുറിച്ച് അൻവർ നടത്തിയ പരാമർശങ്ങൾ കോൺഗ്രസുകാർ മറന്നിട്ടില്ലെന്നും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് പഴഞ്ചൊല്ല് കൊണ്ട് മറുപടി പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും എം.പി പറഞ്ഞു. പാലക്കാട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.പി. ഇപ്പോഴുണ്ടായ പ്രതിസന്ധി സി.പി.എമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയതാണ്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ രീതിയിലാണെന്നും കോടിയേരിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കാത്തതിൽ സി.പി.എമ്മിന് മറുപടിയില്ലെന്നും ഷാഫി പറഞ്ഞു.
ബി.ജെ.പിക്ക് ജയിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തു. ജയം ഒരുക്കാൻ ഇടപെട്ട ഉദ്യോഗസ്ഥനെ മാറ്റാത്തതുതന്നെ പിണറായിക്ക് ബി.ജെ.പി വിരോധമില്ലെന്നതിന് തെളിവാണ്. ബി.ജെ.പിക്ക് സി.പി.എം വിരോധവുമില്ല. വടകര തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റുപാർട്ടി ബി.ജെ.പി മോഡൽ പ്രചാരണമാണ് നടത്തിയതെന്നും ആ രീതി പാലക്കാട്ടെ സി.പി.എമ്മുകാർ പയറ്റുകയില്ലെന്നും എം.പി വ്യക്തമാക്കി. ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതിന്റെ ഉത്തരവാദിത്വം പിണറായി വിജയന് തന്നെയാണ്.ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞതിന് പ്രധാന ഉത്തരവാദിത്വവും പിണറായി വിജയന് മാത്രമാണെന്നം ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.