മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നോ; ഗൂഗിൾ ഫോമിൽ അഭിപ്രായ സർവേയുമായി അൻവർ

Saturday 28 September 2024 12:59 AM IST
അൻവർ പുറത്തിറക്കിയ ഗൂഗിൾ ഫോം

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ജനങ്ങളുടെ അഭിപ്രായം അറിയാൻ ഗൂഗിൾ ഫോമുമായി പി.വി.അൻവർ എം.എൽ.എ. ഫേസ്ബുക്കിൽ പങ്കുവച്ച ഗൂഗിൾ ഫോമിലെ ചോദ്യാവലിയിൽ ഏഴ് ചോദ്യങ്ങളുണ്ട്.

ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യേണ്ടത് ഈ നാട്ടിലെ ജനങ്ങളാണ്. അതൊക്കെ ചോദ്യചിഹ്നമായി അവിടെ തന്നെയുണ്ട്. ഇക്കാര്യങ്ങളിൽ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നെന്ന് കാണിച്ച് ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അൻവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പേര്, ഫോൺ നമ്പർ, നിയോജക മണ്ഡലം, ജില്ല എന്നീ വിവരങ്ങളും നൽകണം. യെസ് ഓർ നോ ഉത്തരമാണ് നൽകേണ്ടത്.

ചോദ്യങ്ങളിങ്ങനെ

1- പൊതുസമൂഹത്തിന്റെ മുന്നിൽ പൊലീസിനെതിരെ ഞാൻ വെളിപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.

2- കേരള പൊലീസിലെ ചെറിയൊരു വിഭാഗം വർഗീയ ശക്തികൾക്ക് അടിമപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ.

3-പച്ചയായ തെളിവുകൾ ഉണ്ടായിട്ടും പ്രമാദമായ ചില കേസുകൾ പൊലീസ് അട്ടിമറിച്ചോ.

4- സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ ആഭ്യന്തര വകുപ്പ് പിന്തുണ നൽകുന്നുണ്ടോ.

5- പൊതുസമൂഹത്തിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നിട്ടുണ്ടോ.

6- ഞാൻ ഉയർത്തിയ വിഷയങ്ങളിൽ പ്രതിപക്ഷ നേതാക്കൾ സത്യസന്ധമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ.

7- കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതരായ നേതാക്കൾ തമ്മിൽ അവിഹിതമായ ബന്ധം നിലനിറുത്തുന്നുണ്ടോ.

സൈബർ ടീം

രംഗത്ത്

അൻവറിനെതിരെ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ അൻവറിനെതിരെ വിമർശനങ്ങൾ കനക്കുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിന് തൊട്ടുമുമ്പ് വരെ അൻവറിന് പരസ്യപിന്തുണയേകിയ ഇടത് പ്രൊഫൈലുകൾ ഇപ്പോൾ വിമർശന സ്വരത്തിലേക്ക് മാറിയിട്ടുണ്ട്. ഗൂഗിൾഫോമിന് താഴെ ആറായിരത്തോളം കമന്റുകൾ വന്നപ്പോൾ വിമർശനങ്ങളും ഏറിയിട്ടുണ്ട്.