ശരിക്കും പാമ്പ് ഇത്ര മണ്ടനായിരുന്നോ? മുട്ട വിഴുങ്ങാനായി പൈപ്പോടെ അകത്താക്കി, ഒടുവിൽ ആളെത്തി
മുട്ട വിഴുങ്ങാനായി പിവിസി പൈപ്പുകൂടി അകത്താക്കിയ മൂർഖൻ പാമ്പിന്റെ വീഡിയോ വൈറലാകുന്നു. ഒരു വീട്ടിലെ പഴയ വസ്തുക്കൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത് നിന്നാണ് വീട്ടുകാർ പാമ്പിനെ കണ്ടെത്തുന്നത്. ഇതോടെ വീട്ടുകാർ പാമ്പുപിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു. അയാളെത്തി പാമ്പിനെ വീടിന് പുറത്തേക്ക് കൊണ്ടുവന്നതിനുശേഷം പിവിസി പൈപ്പ് പുറത്തെടുക്കാൻ ശ്രമം തുടരുകയായിരുന്നു.
പാമ്പുപിടുത്തക്കാരൻ മൂർഖന്റെ വാൽ ഭാഗം ഉയർത്തി പിടിച്ചു. പൈപ്പ് പുറന്തളളാൻ പാമ്പ് പരമാവധി ശ്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഇതോടെ പാമ്പ് തളർന്നുപോകുകയായിരുന്നു. ഈ സമയങ്ങളിൽ പാമ്പുപിടുത്തക്കാരൻ മൂർഖനെ തട്ടിയുണർത്തിക്കൊണ്ടിരുന്നു. ഒടുവിൽ പാമ്പ് പൈപ്പ് പുറന്തളളുകയായിരുന്നു. പൈപ്പിനുളളിൽ മുട്ടയിരിക്കുന്നതും വീഡിയോയിൽ കാണാം. ബിബീഷ് പി ബി എന്ന പേരുളള ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോയുളളത്.
ഇതിനകം തന്നെ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ പാമ്പിനെ മണ്ടനെന്ന് വിളിച്ചപ്പോൾ മറ്റുചിലർ യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയായിരുന്നു.