ആസൂത്രകൻ മുഹമ്മദ് ഇഖ്രാം, കണ്ടെയ്‌നർ ജുമാനുദ്ദീന്റേത്

Sunday 29 September 2024 1:09 AM IST

തൃശൂർ: എ.ടി.എം കവർച്ചാക്കേസിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജുമാനുദ്ദീന്റെ പേരിലുള്ളതാണ് മോഷണത്തിന് ഉപയോഗിച്ച കണ്ടെയ്‌നർ ലോറിയെന്ന് പൊലീസ് കണ്ടെത്തി. വെടിയേറ്റ് ചികിത്സയിലുള്ള പ്രതി അസർ അലിയുടേതാണ് കാർ. സബീർ ഖാൻ, ഇർഫാൻ എന്നീ പ്രതികൾ എ.ടി.എം കവർച്ചയെ തുടർന്ന് ഒരു വർഷം മുൻപുവരെ ജയിലിലായിരുന്നു.

കവർച്ചയുടെ മുഖ്യ ആസൂത്രകൻ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാമാണെന്ന് പൊലീസ് പറഞ്ഞു. തൃശൂരിലെ എ.ടി.എമ്മുകൾ തെരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എ.ടി.എം കവർച്ചക്കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്.

എ.ടി.എം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ മൂന്നും രാജസ്ഥാനിൽ രണ്ടും മഹാരാഷ്ട്രയിൽ ഒരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതികൾ കാറുമായി രക്ഷപ്പെട്ട കണ്ടെയ്‌നറിന്റെ ക്ലീനർ കസ്റ്റഡിയിലുള്ള മുബാറക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മോഷണത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് മുബാറക്ക് പൊലീസിന് നൽകിയ മൊഴി. ഹരിയാനയിൽ നിന്ന് ബുധനാഴ്ച ചെന്നൈയിലെത്തിയ പ്രതികൾ അവിടെ നിന്നാണ് കേരളത്തിലേക്ക് കടന്നത്. മൂന്നു സംഘമായാണ് ഇവർ ചെന്നൈയിലെത്തിയത്. ഇതിൽ രണ്ടുപേർ വിമാനത്തിലും മൂന്നു പേർ കാറിലും രണ്ടു പേർ കണ്ടെയ്‌നറിലുമാണ് സഞ്ചരിച്ചത്. കോയമ്പത്തൂരിലെത്തിയശേഷം പ്രതികൾ ഒരുമിച്ചാണ് യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Advertisement
Advertisement