സംതൃപ്‌തിയല്ല,കണ്ണീരാണ് ബാക്കി: മനാഫ്
കോഴിക്കോട്: അർജുനെ ജീവനോടെ കൊണ്ടുവരുമെന്നായിരുന്നു അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്ക്. പക്ഷെ അത് നടന്നില്ല. ഒടുക്കം ഗംഗാവലി ഒരു തുമ്പുപോലും നൽകില്ലെന്ന് വാശിപിടിച്ചു. അർജുനില്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് എനിക്കും വാശിയായിരുന്നു. അതിനാണിപ്പോൾ പരിസമാപ്‌തിയായിരിക്കുന്നത്.
ജീവന്റെ തുടിപ്പില്ലെങ്കിലും ശേഷക്രിയകൾക്ക് അവന്റെ ഭൗതിക ശരീരമെങ്കിലും നൽകാൻ കഴിഞ്ഞു. സംതൃപ്‌തിയല്ല,കണ്ണീരാണ് ഇപ്പോഴും ബാക്കി....കണ്ണാടിക്കലിലെ വീട്ടിൽ അർജുന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ലോറിയുടമ മനാഫ് പറഞ്ഞു. ഷിരൂരിൽ നിന്ന് മടങ്ങാതെ അർജുന് വേണ്ടിയുള്ള തെരച്ചിലിന് മുൻപന്തിയിൽ നിന്നയാളാണ് മനാഫ്.
എല്ലാവരും ഒന്നിച്ചുനിന്നു: ഈശ്വർ മാൽപെ
കോഴിക്കോട്: ജാതി മത ഭേതമന്യേ കേരളത്തിലുള്ള എല്ലാവരും അർജുനായി പ്രാർത്ഥിച്ചെന്നും ആ പ്രാർത്ഥന ഫലിച്ചെന്നും മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ. അർജുന്റെ കുടുംബത്തെ കാണാനെത്തിയപ്പോൾ അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു അർജുനെ കണ്ടുപിടിച്ച് എത്തിക്കുമെന്നത്. അത് പാലിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഈശ്വർ മാൽപെയും കണ്ണാടിക്കലിലെ വീട്ടിലെത്തിയിരുന്നു. അതിശക്തമായ ഒഴുക്കിലും സുരക്ഷപോലും മാനിക്കാതെ തെരച്ചിലിന് ഗംഗാവലിയിലേക്കിറങ്ങിയ മാൽപെയും നിർണായക ഇടപെടൽ നടത്തിയിരുന്നു.