തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം; രണ്ടുമാസത്തിനിടെ രോഗം ബാധിച്ചത് 14 പേർക്ക്

Sunday 29 September 2024 6:53 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥീരികരിച്ചു. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ളസ് ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്.

ഓഗസ്റ്റ്‌ 10ന് നാവായിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡ് ഇടമൺനില പോരേടംമുക്ക് സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതാണ് തിരുവനന്തപുരം ജില്ലയിലെ ആദ്യ കേസ്. നാവായിക്കുളം പഞ്ചായത്തിൽ ജലാശയങ്ങളിൽ കുളിക്കരുതെന്ന് 80ഓളം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും ഇത് അവഗണിച്ച് കുളത്തിലിറങ്ങിയ ഡീസന്റ്മുക്ക് സ്വദേശിയായ പ്ലസ്‌ടു വിദ്യാർത്ഥിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്.

കഴിഞ്ഞ 22ന് കപ്പാംവിള മാടൻകാവ്‌ കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിച്ചതിനുശേഷമാണ് കുട്ടിക്ക് പനിയും ജലദോഷവും അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഒപ്പം കുളത്തിൽ കുളിച്ചവർ നിരീക്ഷണത്തിലാണ്. ഒരേ ജലസ്രോതസ് ഉപയോഗിച്ചവരിൽ ചിലരിൽ മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐ.സി.എം.ആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡമോളജിയുടെയും സഹായത്തോടെ പഠനം തുടങ്ങിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ

രോഗാണു ശരീരത്തിലെത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്‌ച വരെ എടുക്കും. തലവേദന, പനി, ഛർദി എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ രോഗത്തിന് ചികിത്സ ലഭ്യമാണ്. കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകളെത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്യുന്നതാണ് രീതി.

തലച്ചോറിനെ ബാധിക്കുന്നു

നേഗ്ലെറിയ ഫൗലേറിയെന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടന്ന് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.