ഫാസിൽ സാറിന്റെ ചിത്രങ്ങൾ എത്ര കണ്ടാലും മതിവരില്ല, അതുപോലൊരു സിനിമയിൽ അഭിനയിക്കാൻ മോഹം

Sunday 29 September 2024 12:17 PM IST

സംവിധായകൻ ഫാസിലിന്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തി തമിഴ് നടൻ കാ‌ർത്തി. ഫാസിലിന്റെ ചിത്രങ്ങൾ എത്ര കണ്ടാലും മനസ് മടുക്കില്ലെന്നും താരം പറഞ്ഞു. കാർത്തിയും അരവിന്ദ് സാമിയും ഒന്നിക്കുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കൗമുദി മൂവീസുമായി പങ്കുവയ്ക്കുകയായിരുന്നു താരം.

'മെയ്യഴകൻ എന്ന സിനിമ മനുഷ്യബന്ധങ്ങളുടെ ആഴങ്ങളെക്കുറിച്ച് പറയുന്നതാണ്. ശരിക്കും പറഞ്ഞാൽ സംവിധായകൻ ഫാസിൽ സാറിന്റെത് പോലുളള സിനിമ. അദ്ദേഹത്തിന്റെ സിനിമകൾ എത്ര കണ്ടാലും മതിവരില്ല. എനിക്ക് വളരെയധികം ഇഷ്ടമാണ്. ഒരു തവണ കണ്ട സിനിമ ഞാൻ വീണ്ടും കാണാറുണ്ട്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രത്തിലും എല്ലാ ഗുണങ്ങളും അടങ്ങിയിരിക്കും. അങ്ങനൊയൊരു സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മെയ്യഴകൻ എന്ന ചിത്രവും അങ്ങനെയുളളതാണ്. സ്നേഹവും ഭയവും തമാശയും അങ്ങനെ ഒരുപാട് വികാരങ്ങൾ ചിത്രത്തിലുണ്ട്.

അതിലെ പ്രധാന കഥാപാത്രം ആര് ചെയ്യുമെന്ന ചർച്ചയുണ്ടായപ്പോഴാണ് നടൻ അരവിന്ദ് സാമിയാണെന്ന് അറിഞ്ഞത്. അത് എനിക്ക് പുതിയ അനുഭവമായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് വിചാരിച്ചില്ല. അരവിന്ദ് സാമിക്ക് മികച്ച രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചു. അദ്ദേഹം അഭിനയം നിർത്തിവച്ചിരുന്ന സമയത്താണ് ഞാൻ സിനിമയിൽ എത്തുന്നത്. ഇപ്പോൾ ഒരുമിച്ച് അഭിനയിച്ചു'-താരം പറഞ്ഞു.

Advertisement
Advertisement