എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയത് മൂന്ന് മണിക്കൂര്‍, അത്യാഹിത വിഭാഗം ഇരുട്ടിലായി

Sunday 29 September 2024 10:50 PM IST

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നേരം കൂരിരുട്ട്. സ്ത്രീകളുടേയും കുട്ടികളുടേയും അത്യാഹിത വിഭാഗം ബ്ലോക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ മൂന്ന് മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ബ്ലോക് ഇരുട്ടിലായതോടെ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു. ഗര്‍ഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് കഴിഞ്ഞ മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതി മുടങ്ങിയത്.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. താത്കാലിക ജനറേറ്റര്‍ വാടകയ്‌ക്കെടുത്താണ് വൈദ്യുതി പുനസ്ഥാപിച്ചത്. ടോര്‍ച്ചിന്റേയും മെഴുകുതിരി വെളിച്ചത്തിന്റേയും സഹായത്തോടെയാണ് ഏറെ നേരം ആശുപത്രി പ്രവര്‍ത്തനം മുന്നോട്ട് പോയത്.

കുഞ്ഞുങ്ങളുടെ ഐസിയു വില്‍ വൈദ്യുതി ഉണ്ടെന്നാണ് ആശുപത്രി സുപ്രണ്ട് അവകാശപ്പെടുന്നത്. വൈദ്യുതി ബന്ധം നഷ്ടമായതിന് പുറമേ ജനറേറ്ററും കേടായതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. താല്‍ക്കാലിക ജനറേറ്റര്‍ ഉടന്‍ എത്തിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ആശുപത്രിയിലെ ഒരു ബ്ലോക്കില്‍ വൈദ്യുതി ഇല്ലാതായെന്ന് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വൈദ്യുതി മന്ത്രിയുടേയും പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റേയും സഹായം തേടിയിരുന്നു. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്നമില്ലെന്നുമാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചത്.