വെള്ള കാർഡിന് രണ്ടുകിലോ അരി മാത്രം
തിരുവനന്തപുരം: മുൻഗണനാ ഇതരവിഭാഗത്തിലെ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഒക്ടോബറിൽ ലഭിക്കുക രണ്ട് കിലോ അരി മാത്രം. ഓണം പ്രമാണിച്ച് സെപ്തംബറിൽ 10 കിലോ അരി നൽകിയ സാഹചര്യത്തിലാണ് വിഹിതം കുറയ്ക്കുന്നത്. മുൻഗണന ഇതര വിഭാഗത്തിലെ നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി എന്ന സാധാരണ വിഹിതമേ ലഭിക്കുകയുള്ളൂ. നീല, വെള്ള കാർഡ് ഉടമകളുടെ അരിവിഹിതം വെട്ടിച്ചുരുക്കുന്നത് റേഷൻ കടകളിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി നീട്ടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി 17 വർഷമായി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ്. നിലവിലെ കേന്ദ്ര മാനദണ്ഡപ്രകാരം 15 വർഷം പിന്നിട്ട 1117 ബസുകൾ ഈ മാസത്തോടെ നിരത്തിൽ നിന്ന് പിൻവലിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് കാലാവധി നീട്ടിയത്. ബസുകൾ പിൻവലിച്ചാൽ രൂക്ഷമായ യാത്രക്ലേശമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി സർക്കാരിനെ സമീപിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പകരം ബസ് വാങ്ങലും സാധിക്കില്ല. അതേസമയം, കാലാവധി നീട്ടിയത് സംബന്ധിച്ച വിവരം ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ ഈ വാഹനങ്ങളുടെ സേവനങ്ങൾക്ക്
കേന്ദ്രസർക്കാരിന്റെ വാഹൻ സോഫ്റ്റ്വെയർ ഉപയോഗിക്കാനാവില്ല. പകരം എന്ത് സംവിധാനം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല.
മാലിന്യമുക്ത നവകേരളം:
കാമ്പെയിന് 2ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ കാമ്പെയിന് ഒക്ടോബർ 2ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര എൽ.ഐ.സി അങ്കണത്തിൽ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രിമാരായ എം.ബി.രാജേഷ്,കെ.ബി.ഗണേഷ് കുമാർ,ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ്.എം.പി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഹരിതസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ റിപ്പോർട്ട് അവതരിപ്പിക്കും. 2025 മാർച്ച് 30ന് അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ കാമ്പെയിൻ സമാപിക്കും. 2ന് വിവിധ തദ്ദേശസ്ഥാപനതലങ്ങളിലായി 1601പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ നടക്കും. 160തദ്ദേശ സ്ഥാപനങ്ങളിലുള്ള വിദ്യാലയങ്ങളും 22 കലാലയങ്ങളെ ഹരിത കലാലയമായി പ്രഖ്യാപിക്കും.