ഇന്ത്യയുടെ നിർ‌ണായക നീക്കം ഗുണം ചെയ്യുന്നത് യു എ ഇയ്ക്ക്, പ്രവാസികൾക്കും നേട്ടം

Sunday 29 September 2024 11:59 PM IST

അബുദാബി: ഇന്ത്യയുടെ നിർണായക നീക്കം യു.എ.ഇയ്ക്കും ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്കും ഗുണകരമാകാൻ സാദ്ധ്യത. ബസ്‌മതി അരിയുടെ കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചതാണ് യു.എ.ഇയ്ക്ക് ഗുണകരമാകുന്നത്. ഇന്ത്യയുടെ തീരുമാനം കാരണം വിപണിയിൽ അരിയുടെ വില 20 ശതമാനം വരെ കുറയാൻ കാരണമാകും എന്നാണ് വിലയിരുത്തൽ.

വർഷം തോറും ദശലക്ഷക്കണക്കിന് ടൺ ബസ്മതിയും ബസ്മതി ഇതര അരിയുമാണ് യു.എ.ഇ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ബസ്‌മതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കിയത്. ഒരു ടണ്ണിന് 490 ഡോളർ അഥവാ 1800 ദിർഹം എന്ന അടിസഥാന വിലയിൽ ആയിരിക്കും ഇന്ത്യ ബസ്‌മതി ഇതര വെള്ള അരി കയറ്റി അയയ്ക്കുക. ഇത്തവണ ഉത്പാദനം കൂടിയത് കയറ്റുമതി തീരുവ കുറയ്ക്കാനും കാരണമാകും.

യു.എ.ഇയിൽ ഏറ്റവും അധികം വില്പനയുള്ള ഇനമാണ് ബസ്മതി ഇതര അരി. ആകെയുള്ള വിപണി വിഹിതത്തിന്റെ ഏകേദശം 70 ശതമാനവും ബസ്‌മതി ഇതര അരിയാണ്. വെള്ള അരി,​ സോന മസൂരി,​ ജീരകശാല,​ തുടങ്ങിയ ഇനങ്ങൾക്കും യു.എ.ഇയിലും ആവശ്യക്കാർ ഏറെയാണ്. തായ്‌ലാൻഡ്,​ പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും യു.എ.ഇ അരി ഇറക്കുമതി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം ജൂലായിൽ ആണ് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ആഭ്യന്തര വിതരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു തീരുമാനം. നിലവിൽ രാജ്യത്തെ സർക്കാർ ഗോഡൗണുകളിൽ ധാരാളം അരി സ്റ്റോക്കുണ്ട്. ചില്ലറ വില്‍പ്പന വിലയും ഇപ്പോള്‍ നിയന്ത്രണത്തിലാണ് എന്നതിനാലാണ് കയറ്റുമതി നിരോധനം കേന്ദ്രം നീക്കം ചെയ്യുന്നത്.

Advertisement
Advertisement