1500 മീറ്റർ ഓട്ടത്തിൽ ആധിപത്യം നേടി സെന്റ് ജോൺസ് അഞ്ചൽ
കൊല്ലം: ജില്ലാ അത്‌ലറ്റിക്ക് മീറ്റിന്റെ രണ്ടാം ദിനം നടന്ന 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി അഞ്ചൽ സെന്റ് ജോൺസ് കോളേജ്.
ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ നിരഞ്ജന, രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിയായ മിത്ര സുരേഷ്, ഒന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിയായ വേണി എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത്. അത്‌ലറ്റിക്‌സ് വിഭാഗത്തിലും മറ്റും വ്യക്തമായ ആധിപത്യം നേടിയാണ് ടീം മുന്നേറുന്നത്. രണ്ട് ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 250 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് അഞ്ചൽ സെന്റ് ജോൺസ് കോളേജ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മിത്ര സുരേഷിന് കഴിഞ്ഞ ജില്ലാ സ്‌കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. നിരഞ്ജന ക്രിക്കറ്റ് താരം കൂടിയാണ്.
അത്‌ലറ്റിക്‌സിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ഗവ. വെസ്റ്റ് അഞ്ചൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്കുൾപ്പടെ കായിക പരിശീലനത്തിനുള്ള സൗകര്യം കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കി നൽകുന്നതെന്നും കോളേജ് അധികൃതർ പറഞ്ഞു. കായികാദ്ധ്യാപകനായ മുൻകായിക താരം കൂടിയായ എബ്രഹാം മാത്യുവിന്റെ നേതൃത്വത്തിലാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അത്‌ലറ്റിക്ക് മീറ്റിലെ ഓവറാൾ കിരീടം അഞ്ചൽ സെന്റ് ജോൺസ് കോളേജിനാണ് ലഭിച്ചത്.