തൃശൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മാസങ്ങളുടെ പഴക്കം?

Monday 30 September 2024 3:22 PM IST

തൃശൂർ: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചേർപ്പ് എട്ടുമന പാടത്താണ് അസ്ഥികൂടം കണ്ടെത്തിയത്. കൃഷിക്കുവേണ്ടി ഇന്ന് പ്രദേശത്ത് ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. ഇവരാണ് മാസങ്ങളുടെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്.

പല ഭാഗത്തായി ചിന്നിക്കിടക്കുന്ന നിലയിലാണ് അസ്ഥികൂടം. ഇത് കണ്ടതും ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. ഈ പാടത്ത് വെള്ളം കയറിക്കിടക്കുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഇത് വറ്റിച്ചത്.

അതേസമയം, പ്രദേശത്ത് കാണാതായത് ആരൊക്കെയാണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഒന്നരമാസം മുമ്പ് ചേർപ്പിൽ നിന്ന് അമ്പതുകാരനെ കാണാതായിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.