സ്ഥലം ഏറ്റെടുപ്പിലെ ക്രമക്കേട്: മുൻ തഹസീൽദാർക്ക് 12 വർഷം കഠിന തടവും 2.35 ലക്ഷം പിഴയും വില്ലേജ് അസിസ്റ്റന്റിന് ആറുവർഷം കഠിന തടവ്

Tuesday 01 October 2024 2:05 AM IST

തിരുവനന്തപുരം: കേശവദാസപുരം - പി.എം.ജി ഭാഗത്ത് ദേശീയപാതയ്‌ക്കു സ്ഥലമേറ്റെടുത്തതിൽ ക്രമക്കേട് നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കിയ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് കഠിന തടവും പിഴയും. മുൻ സ്‌പെഷ്യൽ തഹസീൽദാർ ദിവാകരൻ പിള്ളയ്ക്ക് 12 വർഷം കഠിന തടവും 2,35,000 രൂപ പിഴയും വിധിച്ചു. വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാലിന് ആറ് വർഷം കഠിന തടവും 1,35,000 രൂപ പിഴയുമാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാര വിധിച്ചത്.

രണ്ടാം പ്രതിയും 80 കാരിയുമായ തമിഴ്നാട് സ്വദേശിനി അസുന്ത മേരിയെ വെറുതെ വിട്ടു. 2000ലാണ് ഭൂമി ഏറ്റെടുത്തത്. കേശവദാസപുരത്തുള്ള ഒരു സെന്റ് ഭൂമിയിൽ സർക്കാരിനൊപ്പം അസുന്ത മേരിയും പ്രദേശവാസികളായ ജി. സുരേന്ദ്രൻ നായർ, ജോസഫ് എബ്രഹാം എന്നിവരും അവകാശവാദമുന്നയിച്ചു.പിന്നീട് സർക്കാരും സുരേന്ദ്രൻ നായരും ജോസഫ് എബ്രഹാമും പിൻമാറി. തുടർന്നാണ് അസുന്ത മേരിക്ക് പണം നൽകാൻ തീരുമാനിച്ചത്.

സമീപത്ത് ഭൂമിയുള്ള എഡിസൺ വൈദ്യർ സൗജന്യമായി ഭൂമി വിട്ടുനൽകിയിരുന്നു. ഇക്കാര്യം കാണിച്ച് അന്നത്തെ സ്‌പെഷ്യൽ തഹസീൽദാർ പരുഷോത്തമൻ പോറ്റി കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.

ഇതിനു ശേഷമെത്തിയ സ്‌പെഷ്യൽ തഹസീൽദാർ ശ്രീകുമാരൻ നായർ ഭൂമി വില നിശ്ചയിച്ച് റിപ്പോർട്ടും നൽകി. തുടർന്നെത്തിയ ദിവാകരൻ പിള്ള റിപ്പോർട്ടുകളും മഹസറും അനുബന്ധ രേഖകളും തിരുത്തി സൗജന്യമായി നൽകിയ ഭൂമിക്കും വിലയും ചേർത്ത് ഒറ്റ ഫയലാക്കി. അസുന്ത മേരിക്ക് 12,60,910 രൂപയുടെ ചെക്കും നൽകി. ഇതിനായി തണ്ടപ്പേരടക്കം തിരുത്തി. റിപ്പോർട്ടുകൾ തിരുത്തുന്നതിനിടെ പുരുഷോത്തമൻ പോറ്റിയുടെ റിപ്പോർട്ടിൽ ശ്രീകുമാരൻ നായരുടെ ഒപ്പ് ദിവാകരൻപിള്ള ഇട്ടു. ഇതാണ് കുരുക്കായത്. ഇതിനെല്ലാം എസ്. രാജഗോപാലിന്റെ സഹായവുമുണ്ടായിരുന്നു. കളക്ട്രേറ്റിലെ വാർഷിക പരിശോധനയിൽ ആഭ്യന്തര വിജിലൻസാണ് ക്രമക്കേട് കണ്ടെത്തിയത്. കേസ് വിജിലൻസിന് കൈമാറി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ ശശീന്ദ്രൻ ഹാജരായി.