രോഗിയുടെ മരണം: ചികിത്സിച്ചത് എം.ബി.ബി.എസ് പാസാകാത്ത ഡോക്ടർ  സ്വകാര്യ ആശുപത്രിയിൽ 5 വർഷമായി ആർ.എം.ഒ

Tuesday 01 October 2024 2:30 AM IST
വിനോദ് കുമാർ

കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ചത് ആർ.എം.ഒയായി പ്രവർത്തിച്ച വ്യാജ ഡോക്ടറുടെ ചികിത്സ മൂലമെന്ന് ബന്ധുക്കളുടെ പരാതി. കടലുണ്ടി പൂച്ചേരിക്കുന്ന് പച്ചാട്ട് ഹൗസിൽ പച്ചാട്ട് വിനോദ് കുമാറാണ് (60) കഴിഞ്ഞ 23ന് മരിച്ചത്. ആശുപത്രിയിലെ ആർ.എം.ഒ അബു അബ്രഹാം ലൂക്ക്‌ ആയിരുന്നു ചികിത്സിച്ചത്. ഇയാൾ എം.ബി.ബി.എസ് പാസായിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ചികിത്സാ പിഴവ് മൂലമാണ് വിനോദ് കുമാർ മരിച്ചതെന്നും കുറ്റപ്പെടുത്തി.

കുടുംബം നൽകിയ പരാതിയിൽ ഫറോഖ് എസ്.എച്ച്.ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ അബു അബ്രഹാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ അഞ്ചു വർഷമായി ആർ.എം.ഒയാണ് അബു അബ്രഹാം. സംഭവത്തെ തുടർന്ന് ഇയാളെ ആർ.എം.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കി.

നേരത്തെ ഹാർട്ട് അറ്റാക്ക് വന്നിട്ടുള്ള വിനോദ്കുമാറിനെ 23ന് പുലർച്ചെ 4.30നാണ് നെഞ്ചുവേദനയെ തുടർന്ന് ടി.എം.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടറുടെ ചുമതലയിലുണ്ടായിരുന്ന അബു അബ്രഹാം പ്രാഥമിക ചികിത്സ നൽകാതെ രക്തപരിശോധനയും ഇ.സി.ജിയും നിർദ്ദേശിച്ചു. ബന്ധുക്കളോട് പുറത്ത് പോകാനും ആവശ്യപ്പെട്ടു. തുടർന്ന് അരമണിക്കൂറിനകം വിനോദ് കുമാർ മരിച്ചു.

സംശയം തോന്നിയത്

ഡോക്ടറായ മകന്

വിനോദ് കുമാർ മരിച്ചതിൽ സംശയം തോന്നി മകനും പി.ജി ഡോക്ടറുമായ അശ്വിൻ പി.വിനോദും ഡോക്ടറായ ഭാര്യ മാളവികയും നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എം.ബി.ബി.എസ് ഫൈനൽ പരീക്ഷ പാസായിട്ടില്ലെന്ന് വ്യക്തമായത്. ഡോക്ടറുടെയും ആശുപത്രിയുടെയും അനാസ്ഥയാണ് മരണത്തിന് കാരണമെന്നും കർശന നടപടി വേണമെന്നും ഭാര്യ പി.സൂരജ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.