'സുകുമാർ' പ്രകാശനം ചെയ്തു

Tuesday 01 October 2024 2:43 AM IST
കാർട്ടൂണിസ്റ്റ് സുകുമാറിന്റെ ഒന്നാം ചരമവാർഷികത്തിൽ കേരള കാർട്ടൂൺ അക്കാഡമി പുറത്തിറക്കിയ 'സുകുമാർ' എന്ന പുസ്തകം കാർട്ടൂണിസ്റ്റ് രവിശങ്കർ, സുകുമാറിന്റെ മകൾ സുമംഗലക്ക് നൽകി പ്രകാശനം ചെയ്യുന്നു. അനൂപ് രാധാകൃഷ്ണൻ, എ. സതീഷ്, ബാബു ജോസഫ്, സുധീർനാഥ്, കൃഷ്ണ പൂജപ്പുര, ഡോ. മധു ഓമല്ലൂർ, അഡ്വ.പി.യു. നൗഷാദ് എന്നിവർ സമീപം

കൊച്ചി: കാർട്ടൂണിസ്റ്റ് സുകുമാറിന്റെ വരകളും എഴുത്തുകളും സുഹൃത്തുക്കളുടെ ഓർമ്മകളും സമാഹരിച്ച പുസ്തകം 'സുകുമാർ" പ്രകാശനം ചെയ്തു. കേരള കാർട്ടൂൺ അക്കാഡമി തയ്യാറാക്കിയ പുസ്തകം സുകുമാറിന്റെ മകൾ സുമംഗലയ്ക്ക് ആദ്യപ്രതി നൽകി കാർട്ടൂണിസ്റ്റ് രവിശങ്കർ പ്രകാശനം നിർവഹിച്ചു.

അക്കാഡമി ചെയർമാൻ സുധീർനാഥ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ കൃഷ്‌ണ പൂജപ്പുര അനുസ്‌മരണപ്രഭാഷണം നടത്തി. പുസ്തകം എഡിറ്റ് ചെയ്ത ഡോ. മധു ഓമല്ലൂർ, തേവര എസ്.എച്ച് കോളേജിലെ കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്‌ടർ ബാബു ജോസഫ് എന്നിവർ സംസാരിച്ചു. അക്കാഡമി സെക്രട്ടറി എ. സതീഷ് സ്വാഗതവും ട്രഷറർ പി.യു. നൗഷാദ് നന്ദിയും പറഞ്ഞു.