'എന്നെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു';  56 വ‌ർഷം മുൻപ് മരിച്ച മലയാളി സെെനികന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സഹോദരി

Tuesday 01 October 2024 7:44 AM IST

പത്തനംതിട്ട: 1968ലുണ്ടായ സെെനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിലെ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദെെർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെത്തിയത്. കാണാതാകുമ്പോൾ 22വയസ് മാത്രമാണ് തോമസ് ചെറിയാന്റെ പ്രായം. മൃതദേഹം എന്നെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി തോമസിന്റെ സഹോദരി മാദ്ധ്യമത്തോട് പറഞ്ഞു.

'തെരച്ചിൽ തുടരുകയാണെന്ന് ഇടക്കിടെ അറിയിപ്പ് കിട്ടിയിരുന്നു. വിവരം അറിഞ്ഞപ്പോൾ അതിയായ സങ്കടവും സന്തോഷവും തോന്നി. എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം മൃതദേഹം നാട്ടിലെത്തിക്കും', - തോമസിന്റെ സഹോദരി പറഞ്ഞു.

ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മലയാളി സെെനികന്റെ മൃതദേഹം ബന്ധുക്കൾക്ക് കെെമാറാനുള്ള നീക്കത്തിലാണ് സെെന്യം. 102 സെെനികരും മറ്റ് സാമഗ്രികളുമായി ചണ്ഡീഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎന്‍ 12 എയര്‍ക്രാഫ്റ്റ് ആണ് ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ റോഹ്താങ് പാസില്‍ 1968 ഫെബ്രുവരി ഏഴിന് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അതുവരെ കണ്ടെടുത്തിട്ടുള്ളു. 2019ലും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

തോമസ് ചെറിയാൻ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചതെന്ന് ബന്ധുവായ ഷെെജു മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുൻപ് സെെന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സെെന്യത്തിൽ നിന്ന് കിട്ടിയതെന്ന് ഷെെജു വ്യക്തമാക്കി.

തിരംഗ മൗണ്‍ടെന്‍ റെസ്‌ക്യൂ, സൈന്യത്തിലെ ദോഗ്ര സ്‌കൗട്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 2003ല്‍ അടല്‍ ബിഹാരി വാജ്‌പെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ടെനെയ്‌റിംഗിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ തുടര്‍ച്ചയായി നിരവധി തെരച്ചിലുകള്‍ നടത്തിയിരുന്നു.