കോടിയേരിയുടെ അർദ്ധകായ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്‌തു

Tuesday 01 October 2024 1:08 PM IST

തലശ്ശേരി: സിപിഎം സംസ്ഥാനസെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്‌തു. ചരമവാർഷികദിനമായ ഇന്ന് രാവിലെ 11.30നാണ് കോടിയേരിയുടെ അർദ്ധകായ വെങ്കലപ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്‌തത്. ചടങ്ങിൽ സ്‌പീക്കർ എഎൻ ഷംസീർ, ബൃന്ദാ കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കെകെ ശൈലജ ടീച്ചർ, പികെ ശ്രീമതി തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

കോടിയേരിയുടെ ഓർമ്മകൾ സ്പന്ദിക്കുന്ന മുളിയിൽനടയിലെ വീട്ടിൽ ഒരു മ്യൂസിയം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനോടുചേർന്നുള്ള ഉദ്യാനത്തിലാണ് പ്രതിമയുള്ളത്. പ്രമുഖ ശില്പി കണ്ണൂർ സ്വദേശി മനോജ് കുമാറാണ് പ്രതിമ രൂപപ്പെടുത്തിയത്. വീടിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ‘വിനോദിനീസ് കോടിയേരി ഫാമിലി കളക്ടീവ്’ എന്ന പേരിൽ ഗാലറി ഒരുക്കിയിരിക്കുന്നത്. കുഞ്ഞുന്നാൾ മുതൽ അന്ത്യനിമിഷങ്ങൾ വരെയുള്ള ഇരുന്നൂറോളം ഫോട്ടോകൾ ഗാലറിയിലുണ്ട്. ദേശീയ അന്തർദ്ദേശീയ നേതാക്കളുമായുളള കൂടിക്കാഴ്ചകളുടെ മുഹൂർത്തങ്ങളും കാണാം.

പേനകൾ, ഉപഹാരങ്ങൾ, പോക്കറ്റ് ഡയറികൾ, ലേഖനങ്ങളുടെ കൈയെഴുത്തു പ്രതികൾ, പുസ്തകശേഖരം, കട്ടിലും മെത്തയും, വ്യായാമ ഉപകരണങ്ങൾ, കണ്ണടകൾ, തീൻമേശ, ചെരിപ്പുകൾ എന്നിവയെല്ലാം ഇതിലുണ്ട്. കോടിയേരിയിലെ പാർട്ടി ബ്രാഞ്ച് തൊട്ട് ഡൽഹി എ.കെ.ജി.ഭവൻ വരെയുള്ള പാർട്ടിയിലെ വളർച്ചയുടെ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും കാണാം. കോടിയേരിയുടെ ജീവിതചിത്രം അവതരിപ്പിക്കുന്ന 14 മിനിട്ട് വീഡിയോ പ്രദർശനമാണ് മറ്റൊരു പ്രത്യേകത. ആരെയും ആകർഷിക്കുന്ന പുഞ്ചിരിയും എതിരാളികളെ പോലും നിശബ്ദരാക്കുന്ന ഗംഭീരമായ പ്രസംഗവുമെല്ലാം മിനി തീയേറ്ററിൽ അനുഭവിച്ചറിയാം.