രണ്ടാം ടെസ്റ്റിൽ ബംഗ്ളാദേശിനെതിരെ ഏഴുവിക്കറ്റ് വിജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ
കാൺപൂർ: രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന് ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ. രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ 146 റൺസിനാണ് ഇന്ത്യ ബംഗ്ളാദേശിനെ പുറത്താക്കിയത്. 2-0 സ്‌കോറിനാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.
95 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം കണ്ടത്. രണ്ട് ഇന്നിംഗ്‌സിലും അർദ്ധ സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് ഇന്ത്യയെ വിജയപാതയിലെത്തിച്ചത്. പ്ളേയർ ഒഫ് ദി മാച്ചും ജയ്‌സ്വാളാണ്. 29 റൺസ് എടുത്ത് വിരാട് കോഹ്‌ലിയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. 51 റൺസ് എടുത്ത ജയ്‌സ്വാളിനെയും എട്ട് റൺസെടുത്ത ക്യാപ്‌ടൻ രോഹിത് ശർമ്മയെയും ആറുറൺസിൽ ശുഭ്‌മാൻ ഗില്ലിനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോർ നില: ബംഗ്ലാദേശ്– 233, 146, ഇന്ത്യ– 285/9 ഡിക്ലയർ, 98/3.
രണ്ടാം ഇന്നിംഗ്സിൽ രണ്ടിന് 26 റൺസ് എന്ന നിലയിൽ നാലാംദിവസം കളി അവസാനിപ്പിച്ച ബംഗ്ളാദേശിന് ഇന്ന് 120 റൺസ് മാത്രമാണ് നേടാനായത്. ജസ്‌പ്രീത് ബുംറ, അശ്വിൻ, രവീന്ദ്ര ജഡേജ ആകാശ്ദീപ്, എന്നിവരാണ് വിക്കറ്റുകൾ വീഴ്‌ത്തിയത്. ഒന്നാം ഇന്നിംഗ്‌സിൽ ബംഗ്ളാദേശ് 233 റൺസ് എടുത്തപ്പോൾ ഇന്ത്യ ഒൻപത് വിക്കറ്റിൽ 285 റൺസ് അടിച്ചെടുത്ത് ഇന്നിംഗ്‌സ് ഡിക്ളയർ ചെയ്തു. തുടർന്ന് എതിരാളികളെ ബാറ്റിംഗിനയച്ചാണ് അനായാസം പരമ്പര പിടിച്ചെടുത്തത്.