'മലപ്പുറത്തേയോ ഏതെങ്കിലും മതവിഭാഗത്തേയോ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല, ഹിന്ദുവില്‍ വന്നത് പറയാത്ത കാര്യം'
കോഴിക്കോട്: ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നത് താന്‍ പറയാത്ത കാര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും താന്‍ പറഞ്ഞിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനെ കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നത് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തുകാരെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുണ്ട്. സ്വര്‍ണക്കടത്ത് നടത്തുന്നവരെ പിടികൂടുമ്പോള്‍ അത് മലപ്പുറം ജില്ലയ്ക്ക് എതിരായി വരുത്തി തീര്‍ക്കുന്നു. സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സ്വര്‍ണം പിടികൂടിയതിന്റെ കണക്ക് മുഖ്യമന്ത്രി വീണ്ടും വിശദീകരിക്കുകയും ചെയ്തു. തെറ്റ് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് നടപടി ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നതുമായി ബന്ധപ്പെട്ട് ആ പത്രം തന്നെ തിരുത്ത് നല്‍കിയിരുന്നു. പത്ര സ്ഥാപനം തിരുത്തിയിട്ടും ആ തെറ്റായ ഭാഗം നോക്കി തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹവാല പണവും കൂടുതല്‍ പിടികൂടിയത് മലപ്പുറത്ത് നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുവെന്നും ഗൂഢലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുള്ള ഭാഗം പിആർ ഏജൻസി എഴുതി നൽകിയതാണെന്ന് പത്രം ഔദ്യോഗികമായി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ അറിയിച്ചു. മലപ്പുറം പരാമർശം മുൻപ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണെന്ന് പിആർ ഏജൻസി പ്രതിനിധി പറഞ്ഞു. മാദ്ധ്യമ ധാർമ്മിതയ്ക്ക് നിരക്കാത്തതിനാൽ ഖേദം പ്രകടിപ്പിക്കുന്നെന്നും ഹിന്ദു പത്രം വ്യക്തമാക്കി.
പരാമർശം വിവാദമായതിന് പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഈ കത്തിന് മറുപടിയായാണ് ഹിന്ദുവിന്റെ പ്രതികരണം. അഭിമുഖത്തിനിടെ മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തിൽ നൽകിയെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പലകോണിൽ നിന്ന് ഉയർന്നത്.