ലഡാക്ക് അപകടത്തിൽ കാണാതായവരിൽ കാട്ടൂർ സ്വദേശിയും

Wednesday 02 October 2024 4:58 AM IST

പത്തനംതിട്ട: ലേ ലഡാക്കിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ കാണാതായ സൈനികരിൽ പത്തനംതിട്ട സ്വദേശിയായ ഒരാൾ കൂടി. കാട്ടൂർ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ.എം. തോമസിനെയാണ് കാണാതായത്. 21 വയസായിരുന്നു.

കാണാതായ മറ്റൊരു സൈനികനായ ഇലന്തൂർ ഓടാലിൽ തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഇ.എം.തോമസിന്റെ കുടുംബാംഗങ്ങൾക്കും പ്രതീക്ഷയേകുന്നു. തോമസ് ചെറിയാന്റെ അകന്ന ബന്ധു കൂടിയാണ് ഇ.എം.തോമസ്.

ഈട്ടിനിൽക്കുന്നകാലായിൽ ഇ.ടി.മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മൂത്ത മകനാണ്. സഹോദരൻ ബാബു മാത്യുവിന്റെ മക്കളാണ് ഇപ്പോൾ വയലത്തലയിലെ വീട്ടിൽ താമസിക്കുന്നത്. സഹോദരി മോളി വർഗീസ് അമേരിക്കയിലാണ്. തോമസിന്റെ മരണത്തെ തുടർന്ന് സഹോദരൻ ബാബു തോമസിന് സർക്കാർ,​ വനംവകുപ്പിൽ ജോലി നൽകിയിരുന്നു. മാതാപിതാക്കൾക്ക് സൈന്യത്തിൽനിന്ന് പെൻഷനും ലഭിച്ചിരുന്നു. ബാബു മാത്യുവും മാതാപിതാക്കളും മരിച്ചു.

ഇതേ അപകടത്തിൽപ്പെട്ട കോട്ടയം സ്വദേശിയായ കെ.കെ. രാജപ്പൻ എന്നയാളെക്കുറിച്ചും ബന്ധുക്കൾക്ക് ഇതേവരെ വിവരം ലഭിച്ചിട്ടില്ല.