ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർത്ത് സിപിഎം മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദൻ

Tuesday 01 October 2024 11:41 PM IST

കണ്ണൂർ: പി.വി അൻവറിനു പിന്നിൽ കോൺഗ്രസ്, മുസ്ലിം ലീഗ് ,ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരൊക്കെ കൊമ്പു കുലുക്കി വന്നാലും അതിനെയൊക്കെ അതിജീവിച്ചത് പാർട്ടി കേഡർമാരും നേതാക്കന്മാരുമല്ല, കേരളത്തിലെ സാമാന്യ ജനതയാണ്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർത്ത് സി.പി.എം മുന്നോട്ടു പോകുമെന്നും ,.കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത .എം.വി ഗോവിന്ദൻ പറഞ്ഞു.

'അൻവറിന്റെ പൊതുയോഗത്തിൽ. രണ്ടു പ്രബലമായ വിഭാഗമാണ്. പങ്കെടുത്തത്. ഒന്ന് എസ്.ഡി.പിഐ.. മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ. മറ്റൊന്ന് ജമാ അത്തെ ഇസ്ലാമി.അതിന്റെയൊപ്പം ലീഗും കോൺഗ്രസുകാരുമുണ്ടായിരുന്നു. ചെറിയ വിഭാഗം മാത്രമാണ് സി.പി.എമ്മുമായി ബന്ധപ്പെടുന്ന ആളുകളുണ്ടായിരുന്നത്. രണ്ടായിരത്തിലധികം ആളെ കാണിച്ചിട്ട് പാർട്ടിയിൽ നിന്നും വമ്പിച്ച ഒഴുക്കാണെന്ന് പറയാനാണ് അവർ ശ്രമിച്ചത്.കോഴിക്കോട് നടന്ന പരിപാടിയിലാകട്ടെ 300 പേർ തികച്ചുമുണ്ടായില്ല. ഇതോടെ, തൊണ്ട വേദനയാണെന്നും രണ്ട് ദിവസത്തെ പൊതുപരിപാടി റദ്ദാക്കുകയായെന്നും പറയുന്നു. ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത് ഹിന്ദു വർഗീയത. ഏറ്റവുമാദ്യം എതിർക്കേണ്ട ശത്രുവാണ്..മറു ഭാഗത്ത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതൽ രൂപപ്പെട്ട ലീഗും കോൺഗ്രസും ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പിഐയും ചേർന്ന കൂട്ടു മുന്നണിയാണ് ആ മുന്നണി തന്നെയാണ് അൻവറിനു വേണ്ടി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.


അൻവർ ഉന്നയിച്ച ആരോപണങ്ങളും സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള ചുമതലയിലാണ് അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. റിപ്പോർട്ട് കിട്ടിയാലുടൻ എ.ഡി.ജിപി ഉൾപ്പെടെയുള്ളവരിൽ ആര് കുറ്റക്കാരാണെന്ന് കണ്ടാലും നടപടിയുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.


പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും പുഷ്പചക്ര സമർപ്പണത്തിലും അനുസ്മരണ സമ്മേളനത്തിലും പാർട്ടി പ്രവർത്തകരും നേതാക്കളുമടങ്ങുന്ന നൂറുകണക്കിനാളുകൾ പങ്കെടുത്തു.സി.പി.എം. കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മന്ത്രി പി.രാജീവ് , പി.കെ.ശ്രീമതി, കെ.കെ.ശൈലജ,പി.ജയരാജൻ, പനോളി വത്സൻ,കാരായി രാജൻ, എം.പ്രകാശൻ , കെ.പി.സഹദേവൻ,പി.ശശി എന്നിവർ നേതൃത്വം നൽകി.