ഇന്ത്യന്‍ കുപ്പായത്തില്‍ അടിച്ച് തകര്‍ക്കാന്‍ സഞ്ജു സാംസണ്‍, രാഹുല്‍ ദ്രാവിഡിന്റെ സഹായം തേടി മലയാളി താരം

Tuesday 01 October 2024 11:45 PM IST

ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ സഞ്ജു സാംസണ്‍ പരിശീലനം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ച് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ രാഹുല്‍ ദ്രാവിഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സഞ്ജു സാംസണ്‍ പരിശീലനം നടത്തുന്നത്.

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ എത്തിയത്. ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനും രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലെ പരിശീലകനുമായ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പ്രകടനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളി താരം പരിശീലനം നടത്തുന്നത്.

സഞ്ജു സാംസണിന്റെ ബാറ്റിംഗ് ടെക്‌നിക്കിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശീലനം നടക്കുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

ശ്രീലങ്കയ്‌ക്കെതിരെ നടന്ന ട്വന്റി 20 മത്സരങ്ങളിലാണ് താരം അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. മൂന്ന് മത്സര പരമ്പരയില്‍ രണ്ട് കളികളില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ട താരം പക്ഷേ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ താരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ലഭിക്കുന്ന അവസരങ്ങള്‍ താരം മുതലാക്കുന്നില്ലെന്നും തുടരെ രണ്ട് മത്സരങ്ങളില്‍ ഡക്കായ താരത്തെ ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ കഴിയില്ലെന്നും ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ താരത്തെ പ്രധാന വിക്കറ്റ് കീപ്പറുടെ റോളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ ആറിനാണ് പരമ്പര ആരംഭിക്കുന്നത്.