ഇസ്രയേലിനെ ലക്ഷ്യമാക്കി നൂറിലധികം ബാലിസ്റ്റിക് മിസൈലുകൾ, പിന്നാലെ വിപണിയിൽ എണ്ണ വിലയ്‌ക്കും കുത്തനെ ഉയർച്ച
ടെൽഅവീവ്: ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ കടുത്ത ആക്രമണം ആരംഭിച്ചതോടെ എണ്ണ വിലയിലും വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തോളമായി ഏറ്റവും ചെറിയ നിരക്കിലിരുന്ന എണ്ണവിലയാണ് ആക്രമണ വാർത്ത അറിഞ്ഞ ശേഷം കുതിച്ചുയർന്നത്.
അഞ്ച് ശതമാനത്തിലേറെയാണ് എണ്ണ വിലയിലുണ്ടായ വർദ്ധന. ബ്രെന്റിന് ബാരലിന് 71 ഡോളറിൽ താഴെയായിരുന്ന എണ്ണവില 2.51 ഡോളർ ഉയർന്ന് ബാരലിന് 74.21 ഡോളറായി.
തലസ്ഥാനമായ ടെൽ അവീവിലാണ് രാത്രി 100ലേറെ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. ഇതിൽ പലതും ഇസ്രയേൽ ആകാശത്തുവച്ച് തകർത്തു. ആക്രമണത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടതായാണ് വിവരം. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രയേലിലെ ഇന്ത്യക്കാരോട് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
ജോർദാന് മുകളിലൂടെയാണ് ഇറാന്റെ മിസൈലുകൾ പാഞ്ഞത്. ഇസ്രയേൽ തിരിച്ചാക്രമിച്ചാൽ തവിടുപൊടിയാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെതിരെ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുന്നതിനിടെയാണ് ആക്രമണം. ടെൽ അവീവിൽ നിന്ന് മുന്നറിയിപ്പ് സയറണുകളും ജെറുസലേമിൽ നിന്ന് സ്‌ഫോടനശബ്ദങ്ങളും കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അടിയന്തര യോഗം ചേർന്നു.