മാമിയുടെ തിരോധാനം: സി.ബി.ഐ അന്വേഷണമില്ല
കൊച്ചി: കോഴിക്കോട് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ഏജന്റും വ്യാപാരിയുമായ മാമി എന്ന മുഹമ്മദ് ആട്ടൂറിന്റെ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണമില്ല. ഇക്കാര്യമുന്നയിച്ച് മാമിയുടെ ഭാര്യ റംലത്ത് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിച്ചുവരികയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമുള്ള സർക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.
ഹർജിയിൽ ഹൈക്കോടതി നേരത്തെ സർക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടിയിരുന്നു. കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞമാസം 7ന് ഉത്തരവിറക്കിയ കാര്യം പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
റേഞ്ച് ഐ.ജി പി.പ്രകാശിന്റെ മേൽനോട്ടത്തിൽ എസ്.പി യു.പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം. മാമിയുടെ തിരോധാനത്തെക്കുറിച്ച് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനടക്കം അറിവുണ്ടെന്ന് പി.വി.അൻവർ ആരോപിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 21നാണ് മാമിയെ കാണാതായത്.