പാകിസ്ഥാൻ നായകസ്ഥാനം വീണ്ടും രാജിവച്ചെന്ന് ബാബർ അസം, നാണമില്ലാത്തവനെന്ന് ആക്ഷേപവുമായി നിരവധി കമന്റുകൾ

Wednesday 02 October 2024 11:34 AM IST

ലാഹോർ: ഒരു വർഷത്തിനിടെ പാകിസ്ഥാൻ വൈറ്റ്‌ബോൾ ക്രിക്കറ്റ് നായകസ്ഥാനം വീണ്ടും ഒഴിഞ്ഞ് ബാബർ അസം. തന്റെ ബാറ്റിംഗ് ആസ്വദിക്കാനും പ്രകടനം മെച്ചപ്പെടുത്താനും കുടുംബത്തോടൊപ്പം ഗുണപരമായി സമയം ചെലവഴിക്കാനുമാണ് ഇഷ്‌ടപ്പെടുന്നതെന്ന് എക്‌സിലൂടെ കുറിച്ച് ബാബർ പറഞ്ഞു. പ്രിയപ്പെട്ട ആരാധകരെ, ഞാനിന്ന് നിങ്ങളുമായി ചില വാർത്തകൾ പങ്കുവയ്‌ക്കുന്നു. 'പിസിബിയ്‌ക്കും ടീം മാനേജ്‌മെന്റിനും നൽകിയ അറിയിപ്പനുസരിച്ച് പാകിസ്ഥാൻ ടീം നായകസ്ഥാനം ഞാൻ രാജിവയ്‌ക്കാൻ തീരുമാനിച്ചു. ഈ ടീമിനെ നയിക്കാനായത് അഭിമാനകരമായ കാര്യമാണ്. എന്നാൽ സ്ഥാനമൊഴിഞ്ഞ് ഞാനെന്റെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.' ബാബർ കുറിച്ചു.

ക്യാപ്‌റ്റൻസി പ്രതിഫലം നൽകുന്ന കാര്യമാണ്. എന്നാൽ അത് തന്റെ ജോലിഭാരത്തെ ക്രമാതീതമായി വർദ്ധിപ്പിച്ചെന്നും തന്റെ പെർഫോമൻസിന് മുൻഗണന നൽകാൻ ആഗ്രഹിക്കുന്നതായും ഒപ്പം കുടുംബത്തോടൊപ്പം നല്ലരീതിയിൽ സമയം ചെലവഴിക്കാൻ ഇഷ്‌ടപ്പെടുന്നു എന്നുമാണ് ബാബർ പറയുന്നത്. ഒരു കളിക്കാരനെന്ന നിലയിൽ ടീമിനായി ഇനിയും സംഭാവന ചെയ്യാൻ സന്തോഷമേയുള്ളുവെന്നാണ് ബാബർ കുറിച്ചത്. എന്നാൽ രാജിവയ്‌ക്കാനുള്ള ബാബറിന്റെ തീരുമാനം ക്രിക്കറ്റ് പ്രേമികൾക്കും പാക് ക്രിക്കറ്റ് ആരാധകർക്കും അത്ര രസിച്ച മട്ടില്ല. സൈബർ ലോകത്ത് കടുത്ത ആക്ഷേപമാണ് ബാബർ അസമിനെതിരെ അവർ നടത്തുന്നത്. ചിലർ ബാബറിന്റെ കാലത്ത് ഐസിസി ടൂർണമെന്റുകളിൽ സ്ഥിരം തോറ്റ ചരിത്രം ഓർമ്മിപ്പിക്കുമ്പോൾ മറ്റ് ചിലർ രണ്ട് തവണയും രാജിവച്ചതിനെ കളിയാക്കുന്നു.

എത്ര തവണ ഇയാൾ രാജിവയ്‌ക്കും? എന്ന് ചിലർ ചോദിക്കുമ്പോൾ 'താനൊരു നാണമില്ലാത്തവനാണ്. അവർ (പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) ഇനിയും പറഞ്ഞാൽ താൻ നാണമില്ലാതെ വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും.' ചിലരുടെ അഭിപ്രായം ഇങ്ങനെയാണ്. ഇന്ത്യയ്‌ക്കും ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കും ഇത് മോശം വാർത്തയാണെന്നും ലോകകപ്പിൽ ഇനി ആര് ഫ്രീ പോയിന്റുകൾ നൽകുമെന്നുമാണ് ചിലരുടെ കമന്റ്.

2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാന്റെ വളരെ മോശം പ്രകടനം കാരണം കഴിഞ്ഞ വർഷം നവംബറിൽ ബാബർ ആദ്യം രാജിവച്ചു. പിന്നീട് ഷഹീൻഷാ അഫ്രീദി നായകനായി.എന്നാൽ പരമ്പര പരാജയത്തെ തുടർന്ന് ഷഹീനും സ്ഥാനം നഷ്‌ടമായി. ഇതിനുപിന്നാലെ വീണ്ടും ബാബർ നായകനായി. പക്ഷെ ഇത്തവണ ഇംഗ്ളണ്ടിനോട് 0-2ന് തോറ്റു. പിന്നാലെവന്ന ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പാകിസ്ഥാൻ പുറത്തായി. അമേരിക്കയോടടക്കം നാണംകെട്ട് തോറ്റായിരുന്നു ഇത്.