രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ, സംഘർഷം കനത്താൽ പ്രവാസികൾ വലയും

Wednesday 02 October 2024 11:55 AM IST

ദുബായ്: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി കനത്തതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കി യുഎഇ. രാജ്യത്തേക്കും പുറത്തേക്കുമുള്ളതുൾപ്പെടെ നിരവധി വിമാനങ്ങളാണ് യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത്.

പല വിമാനകമ്പനികളും പശ്ചിമേഷ്യൻ മേഖലകളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ചില വിമാനക്കമ്പനികളാകട്ടെ ഭീഷണിയുളള വ്യോമപാതകൾ ഒഴിവാക്കാനായി വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേ​റ്റ്സ് ഇന്നും നാളെയും ഇറാക്ക് (ബസ്റ, ബാഗ്ദാദ്), ഇറാൻ (ടെഹ്റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

സംഘർഷസാദ്ധ്യത ഇല്ലാതായതിനുശേഷം മാത്രമായിരിക്കും ഇവിടേയ്‌ക്കുളള വിമാനങ്ങൾ പഴയതുപോലെ സർവീസ് നടത്തുക. റദ്ദാക്കാത്ത സർവീസുകൾക്ക് കാലതാമസം ഉണ്ടാകാൻ ഇടയുണ്ടെന്ന് ഇത്തിഹാദ് എയർലൈൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേൽ ഇറാന് തിരിച്ചടി നൽകുകയും സംഘർഷം കൂടുതൽ കനക്കുകയും ചെയ്താൽ ഇന്ത്യയിലേക്കുൾപ്പെടെയുള്ള വിമാനസർവീസുകൾ റദ്ദാക്കിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.നേരത്തേ തന്നെ യുദ്ധഭീതി ഉണ്ടായിരുന്നു എങ്കിലും കഴിഞ്ഞദിവസം ഇറാൻ ഇസ്രയേലിനുനേരെ മിസൈൽ വർഷം നടത്തിയതോടെയാണ് യുദ്ധഭീതി കൂടുതൽ കടുത്തത്. തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷസാദ്ധ്യതയ്ക്ക് ഒട്ടും അയവുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തങ്ങളുടെ രാജ്യത്തിനുനേരെ മിസൈൽ വർഷം നടത്തിയ ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. 'ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുളള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനും ശത്രുവിന് തിരിച്ചടി നൽകാനുമുള്ണ ഞങ്ങളുടെ നിശ്ചയദാർഢ്യം ഇറാന് മനസിലാകുന്നില്ല. അനന്തര ഫലങ്ങൾ ഇറാൻ ഉടൻതന്നെ അനുഭവിക്കും'- എന്നാണ് നെതന്യാഹു പറഞ്ഞത്. സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങൾ വൻ ശക്തികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിജയിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.