റെയിൽവെ സ്റ്റേഷനിലും ലെവൽക്രോസിലുമടക്കം സ്ഥിരം പാളം മുറിച്ചുകടക്കുന്നവർ ഒന്ന് ശ്രദ്ധിക്കൂ

Wednesday 02 October 2024 5:59 PM IST

തിരുവനന്തപുരം: ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ രാവിലെ 10.30 ന് ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും. റെയിൽവേ പോലീസ് എസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ്, റെയിൽവേ സംരക്ഷണ സേന ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ തൻവി പ്രഫുൽ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ ലൈൻ മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള ബോധവൽക്കരണമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പെടുന്നവർ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ ജനങ്ങളെ അറിയിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്.

ഒക്ടോബർ ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നടക്കുന്ന ബോധവൽക്കരണ പരിപാടികളിൽ ക്ലാസുകൾ, നാടകപ്രദർശനം, ഗാനം, പോസ്റ്റർ വിതരണം ചെയ്യൽ എന്നിവ ഉണ്ടായിരിക്കും. റെയിൽവേ പാതകൾക്ക് സമീപമുള്ള സ്‌കൂളുകൾ, ട്രെയിൻ തട്ടി അപകടം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഹോട്ട്സ്‌പോട്ട് മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.