ലഹരിവിരുദ്ധ സന്ദേശം വീടുകളിലെത്തിക്കും: മന്ത്രി ശിവൻകുട്ടി

Thursday 03 October 2024 11:56 PM IST

തിരുവനന്തപുരം: ലഹരിവിരുദ്ധ കാമ്പെയിന്റെ ഭാഗമായി നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലൂടെ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗാന്ധിജയന്തിയോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ സംവാദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 2024-25 അദ്ധ്യയനവർഷം പൊതുവിദ്യാഭ്യാസവകുപ്പ് ലഹരിവിരുദ്ധ കാമ്പെയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂൺ 26ന് സംഘടിപ്പിച്ച ആന്റി ഡ്രഗ് പാർലമെന്റിന്റെ തുടർച്ചയാണ് സംവാദ സദസ്സ്. നവംബർ 14ന് സ്‌കൂളുകളിൽ ശിശുദിന ലഹരിവിരുദ്ധ അസംബ്ലി സംഘടിപ്പിക്കും. ഡിസംബർ 10ന് ലഹരിവിരുദ്ധ സെമിനാർ നടത്തും. ഇതിന്റെ തുടർച്ചയായി 2025 ജനുവരി 30ന് ക്ലാസ് സഭകളും ചേരും. ലഹരിമുക്ത ക്യാമ്പസിനായി കുട്ടികൾ മുൻകൈയെടുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.