മലയാലപ്പുഴ യശോധരൻ ഓർക്കുന്നു, വെയിലിൽ വെട്ടിത്തിളങ്ങിയ വിമാനം
പത്തനംതിട്ട: ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്നുവീഴുന്നതിനുമുമ്പുള്ള ദൃശ്യം കണ്ട ഒരാളുണ്ട്. മലയാലപ്പുഴ പൊതീപ്പാട് വടക്കേവീട്ടിൽ യശോധരൻ. ഇലന്തൂർ ഓടാലിൽ തോമസ് ചെറിയാൻ ഉൾപ്പെടെയുള്ള സൈനികർ മരിച്ച വിമാനദുരന്തം നടക്കുമ്പോൾ ലഡാക്കിലെ സേനാ വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു യശോധരൻ. എൻജിനിയറിംഗ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിലായിരുന്നു ജോലി.
കനത്ത മഞ്ഞുള്ള ദിവസങ്ങളിൽ വെയിൽ വരുമ്പോൾ സൂര്യപ്രകാശം ഏൽക്കാൻ ക്യാമ്പിലുള്ളവർ പുറത്തിറങ്ങി നിൽക്കുമായിരുന്നു. അങ്ങനെയുള്ള ഒരുദിവസം ലഡാക്ക് എയർപോർട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിമാനം വെയിലിൽ വെട്ടിത്തിളങ്ങുന്നത് ദൂരക്കാഴ്ചയിൽ കണ്ടു. ലാൻഡിംഗ് സാദ്ധ്യമാകാതെ അത് തിരിച്ചുപോയി. ആ വിമാനം പിന്നെ കാണാതായെന്ന സന്ദേശമാണ് സൈനിക ക്യാമ്പിൽ ലഭിച്ചത്. പിന്നീട് തകർന്നുവീണതായി സ്ഥിരികരിച്ചു. 1968 ഫെബ്രുവരി ഏഴിനാണ് വിമാനം കാണാതായത്. യശോധരന് ഇപ്പോൾ 83 വയസുണ്ട്.
15വർഷം സൈന്യത്തിൽ ജോലിചെയ്തശേഷം വിരമിച്ചു. തുടർന്ന് പത്തനംതിട്ട സൈനിക ക്ഷേമ ബോർഡിലും ജോലിചെയ്തു.