ഹൃദയാഘാതം; 26കാരനായ മലയാളി ഒമാനിൽ മരിച്ചു

Thursday 03 October 2024 10:41 AM IST

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഒമാനിലെ സലാലയിൽ മരിച്ചു. തലശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്‌മൽ ആണ് മരിച്ചത്. 26 വയസായിരുന്നു. ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു അജ്‌മൽ.

ചൊവ്വാഴ്‌ച ഉറങ്ങാൻ കിടന്ന അജ്‌മൽ ബുധനാഴ്‌ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്. സുഹൃത്തുക്കൾ വന്ന് നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവർ റോയൽ ഒമാൻ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സ്ഥിരീകരിച്ചതോടെ മറ്റ് നടപടികൾ സ്വീകരിച്ചു.

പിതാവ് - പരേതനായ ഉമ്മർ പുത്തൻ പുരയ്‌ക്കൽ, മാതാവ് - ഷമീറ കാടൻ കണ്ടി. അവിവാഹിതനാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.