'ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, പിണറായി പിതൃതുല്യൻ'; അൻവറിനെതിരെ കെ ടി ജലീൽ

Thursday 03 October 2024 11:41 AM IST

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ പരാമർശത്തിനെതിരെ കെ ടി ജലീൽ എംഎൽഎ രംഗത്ത്. ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്നാണ് ജലീൽ പ്രതികരിച്ചത്. മറ്റാരുടെയോ കാലിലാണ് ജലീൽ നിൽക്കുന്നതെന്ന് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം

മിസ്റ്റർ പി.വി അൻവർ, ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല. കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു "വാൾപോസ്റ്റർ" പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരന്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല.

മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എന്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.

താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ....

സ്നേഹത്തോടെ

ഡോ: കെ.ടി.ജലീൽ

Advertisement
Advertisement