56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്‌കാരം നാളെ

Thursday 03 October 2024 4:34 PM IST

തിരുവനന്തപുരം: 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. സൈനികൻ തോമസ് ചെറിയാന്റെ സംസ്‌കാരം നാളെ പത്തനംതിട്ടയിൽ വച്ച് നടത്തും. 1968ലെ അപകടത്തിൽ കാണാതായ മറ്റ് സൈനികർക്കായി ഹിമാചലിലെ റോത്താംഗ് ചുരത്തിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.

മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും തിരുവനന്തപുരത്ത് എത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, പാങ്ങോട് സൈനിക ക്യാമ്പ് മേധാവി ബ്രിഗേഡിയർ എംപി സലീൽ, വ്യോമ താവള സ്റ്റേഷൻ ഡയറക്‌ടർ ക്യാപ്‌റ്റൻ ടിഎൻ മണികണ്‌ഠൻ, സൈനിക ക്ഷേമ ബോർഡ് ഡയറക്‌ടർ ക്യാപ്റ്രൻ ഷീബ രവി തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

സൈനികരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ സൈനിക അകമ്പടിയോടെ സ്വദേശമായ പത്തനംതിട്ട ഇലന്തൂരിലേക്ക് കൊണ്ടുപോകും.

102പേരുമായി ചണ്ഡീഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎൻ 32 സോവിയറ്റ് നിർമിത വിമാനമാണ് റോത്താഗ് പാസിന് സമീപത്തെ മലമുകളിൽ തകർന്നുവീണത്. 2003ൽ വിമാന അവശിശ്‌ടങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് മൃതദേഹങ്ങൾ ഉണ്ടോ എന്നറിയാനുള്ള പര്യവേഷണം ശക്തമാക്കിയത്. 2019ൽ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തിയത്. പ്രത്യേക ദൗത്യങ്ങൾക്ക് നിയോഗിക്കുന്ന ദോഗ്ര സ്‌കൗട്ട്‌സും തിരംഗ മൗണ്ടൻ റെസ്‌ക്യൂ സംഘവും ചേർന്നാണ് കഴിഞ്ഞ മാസം 25ന് വീണ്ടും തെരച്ചിൽ തുടങ്ങിയത്. പത്ത് ദിവസം കൂടി ദൗത്യം തുടരാനാണ് തീരുമാനം.