"ഇരു കൂട്ടരോടുമായി പറയട്ടെ, ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്"; നടന്റെ കുറിപ്പ്‌

Thursday 03 October 2024 4:45 PM IST

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ മലയാളികൾക്കൊന്നാകെ നോവാണ്. ഇന്നലെ അർജുന്റെ കുടുംബം ലോറി ഉടമകളിൽ ഒരാളായ മനാഫിനും ഈശ്വർ മാർപെയ്‌ക്കുമെതിരെ രംഗത്തെത്തിയിരുന്നു. തെരച്ചിൽ വഴിതിരിച്ചുവിടാൻ ഇരുവരും ശ്രമിച്ചെന്നും മാനഫ് അർജുന്റെ പേരിൽ ഫണ്ട് സ്വരൂപിക്കുന്നുവെന്നുമൊക്കെയാണ് അർജുന്റെ കുടുംബം ആരോപിച്ചത്.

ആരോപണങ്ങളിൽ പ്രതികരിച്ചുകൊണ്ട് മനാഫ് രംഗത്തെത്തിയിരുന്നു.അർജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും തന്റെ കുടുംബവുമായി ആലോചിച്ച ശേഷം ആരോപണങ്ങിൽ പ്രതികരിക്കുമെന്നും മനാഫും വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ കിഷോർ സത്യ ഇപ്പോൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണെന്നും ഒഴിവാക്കാമായിരുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.

"ഇരു കൂട്ടരോടുമായി പറയട്ടെ.... ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്....ഒഴിവാക്കാമായിരുന്നു.....ഇന്നലെ വരെ നടന്നതും കണ്ടതും പറഞ്ഞതുമൊന്നും ഞങ്ങളാരും മറന്നിട്ടില്ല. അർജുൻ ഇപ്പോഴും മലയാളികളുടെ നെഞ്ചിൽ ഒരു വിങ്ങലാണ്... ഒഴിവാക്കാമായിരുന്നു.... അല്ല ഒഴിവാക്കണമായിരുന്നു..."- എന്നാണ് അർജുന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കിഷോർ സത്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.