സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി, തീയതി പിന്നീട്

Thursday 03 October 2024 7:32 PM IST

തിരുവനന്തപുരം: ഡിസംബർ മൂന്നുമുതൽ ഏഴു വരെ തിരുവനന്തപുരത്ത് നടത്താനിരുന്ന 63ാം സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഡിസംബർ നാലിന് നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് തീയതി മാറ്റമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പരീക്ഷ നടക്കുന്ന കാര്യം കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാവകുപ്പ് സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നതിനാൽ അവർക്ക് കലോത്സവത്തിൽ പങ്കെടുക്കാനാവില്ല. ഡിസംബർ 12 മുതൽ 20 വരെ ക്രിസ്‌മസ് പരീക്ഷ നടക്കുന്നതിനാലും 21 മുതൽ 29 വരെ സ്‌കൂളുകളിൽ ക്രിസ്‌മസ് അവധിയായതിനാലും കലോത്സവം മുൻനിശ്ചയപ്രകാരം നടത്താനാകാത്ത സാഹചര്യമാണ് .

സംസ്ഥാന കലോത്സവം മാറ്റിവച്ചതിനാൽ സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്‌കൂൾതലമത്സരങ്ങൾ 15നകം പൂർത്തിയാക്കും. സബ് ജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.